പിരിഞ്ഞുപോയ 28 പേര്‍ക്ക് സ്‌കോള്‍ കേരളയില്‍ പിന്‍വാതില്‍ നിയമനം
മലപ്പുറം: കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂളില്‍ നിന്നു പിരിഞ്ഞുപോയവരെ വീണ്ടും നിയമിക്കാന്‍ നീക്കം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് നടപടിക്രമങ്ങള്‍ മറികടന്നുള്ള തീരുമാനം.
2013 നവംബറില്‍ പുറത്തായ 28 താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍ കത്ത് നല്‍കിയിരുന്നു. ക്രമക്കേടു നടത്തിയതിനു വിജിലന്‍സ് കുറ്റക്കാരനെന്നു കണ്ടെത്തിയ യൂനിയന്‍ നേതാവ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും നിയമിക്കാന്‍ ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ പേരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് വകുപ്പിന്റെ കൈവശമുണ്ട്. നിയമനങ്ങള്‍ക്കായി എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റ് സുതാര്യമാണെന്ന് ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയിരുന്നു. ഇതുപരിഗണക്കാത്തപക്ഷം പൊതു അറിയിപ്പുനല്‍കി ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ യോഗ്യത പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്.
എന്നാല്‍ പൊതു മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മുന്‍പ് ജോലിനോക്കിയിരുന്നവരെ തന്നെ വീണ്ടും നിയമിക്കുന്നത്. പുനര്‍ നിയമനം നല്‍കാന്‍ തീരുമാനിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഭരണപക്ഷ പാര്‍ട്ടിയുടെ ഏരിയാ ലോക്കല്‍ ഭാരവാഹികളും ബന്ധുക്കളുമാണ് അധികപേരും.
ഒന്‍പത് അജന്‍ഡകളാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചര്‍ച്ചക്കെടുത്തത്. ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളില്‍ അറുപതു ശതമാനം പേരും മലബാര്‍ ജില്ലകളില്‍ നിന്നാുള്ളവരാണ്. ഇതുപരിഗണിച്ച് ആസ്ഥാനം ഉത്തര മലബാറില്‍ ആക്കണമെന്നും സ്‌കോള്‍ കേരളയുടെ ആദ്യ ജനറല്‍ ബോഡിയാണ് ഈ തീരുമാനം എടുക്കേണ്ടതെന്നും ഇടതു സര്‍ക്കാര്‍ നിയോഗിച്ച അച്യുതന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഫെബ്രുവരിയില്‍ നടന്ന ആദ്യ ജനറല്‍ കൗണ്‍സിലില്‍ സ്‌കോള്‍ കേരളയുടെ ആസ്ഥാനം കോഴിക്കോട്ടാക്കാന്‍ തീരുമാനം എടുത്തത്.
എന്നാല്‍ തിരുവനന്തപുരത്തെ ഓപ്പണ്‍ സ്‌കൂള്‍ ആസ്ഥാനത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കി ആസ്ഥാനം അവിടെയാക്കാമെന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത്തരത്തില്‍ യോഗത്തില്‍ പരാമര്‍ശം ഉണ്ടായെങ്കിലും ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു അധികാരമില്ലെന്ന് യോഗത്തില്‍ ഒരാള്‍ ഉന്നയിച്ചു.
തല്‍ക്കാലത്തേക്ക് തീരുമാനം വേണ്ടെന്നു വെച്ചങ്കിലും പുതിയ നീക്കവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഓപ്പണ്‍ സ്‌കൂള്‍ എന്ന പേരില്‍ ഉപയോഗിക്കുന്ന ബോര്‍ഡുകളും സീലുകളും സ്‌കോള്‍ കേരളയുടെ പേരിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി നാലു ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."