മന്ത്രിസഭാ ബഹിഷ്‌കരണം: സി.പി.ഐയില്‍ വിവാദം പുകയുന്നു
ആലപ്പുഴ: തോമസ്ചാണ്ടിയുടെ രാജിയെ ചൊല്ലി സി.പി.ഐക്കകത്തും വിവാദം പുകയുന്നു. രാജിവിവാദം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കെയാണ്, പാര്‍ട്ടിയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ വെളിപ്പെടുത്തി സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയത്.
തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ പലരും ബഹിഷ്‌കരണ വിവരം അറിഞ്ഞിരുന്നില്ലെന്നും ഇസ്മയില്‍ തുറന്നടിച്ചു. തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സീറോ ജെട്ടി റോഡ് നിര്‍മാണത്തിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഫേസ്ബുക്കിലെ തുറന്നുപറച്ചിലും സി.പി.ഐയെ സമ്മര്‍ദത്തിലാക്കുന്നതാണ്.
റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത് ഇസ്മയില്‍ എം.പി ആയിരുന്ന കാലത്തായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ഇസ്മയില്‍ ഫേസ്ബുക്കില്‍ മറുപടിയും നല്‍കി.'അതത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍നിന്ന് കിട്ടുന്ന അപേക്ഷകള്‍ സംസ്ഥാന നേതൃത്വം പരിശോധിച്ചതിനു ശേഷമാണ് എന്റെ ഫണ്ട് നല്‍കാറുള്ളത്.
സംസ്ഥാന സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. 2011-12ല്‍ ആലപ്പുഴ ജില്ലയില്‍നിന്ന് വലിയകുളം-സീറോജെട്ടി എന്ന റോഡിന് ഫണ്ട് പാസാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ കിട്ടിയിരുന്നു. ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി അമ്പലപ്പുഴ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ശിവരാജന്‍ എന്നിവരുടെ ശുപാര്‍ശക്കത്തോട് കൂടിയാണ് അപേക്ഷ ലഭിച്ചത്.
ഈ അപേക്ഷ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പുരുഷോത്തമന്‍ ആണ് തിരുവനന്തപുരത്ത് നല്‍കിയത്. ഇതിനാണ് ഫണ്ട് അനുവദിച്ചത്.ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇതേവരെ പോയിട്ടില്ലെന്നും ഇസ്മയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."