പ്രഭചൊരിയുന്ന വിളക്കുമാടം
അല്ലാഹു മാനവരാശിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം പ്രവാചകന്മാരെ നല്‍കി എന്നതാണ്. ഇതിനേക്കാള്‍ വലിയ ഒരു അനുഗ്രഹമില്ല. വേദഗ്രന്ഥങ്ങള്‍പോലും പ്രവാചകന്മാരോളം വരില്ല. അല്ലാഹു അടിമകളോടു ഏറ്റവും കരുണയുള്ളവനാണ്. അടിമകളെ അക്രമിക്കാത്തവനും അവരോട് അനീതി കാണിക്കാത്തവനുമാണ്. അവന്‍ ഭൂമിലോകത്തേക്ക് ഇറക്കിയത് നാലാള്‍ക്ക് ഏടുകളും നാലുപേര്‍ക്ക് കിതാബുകളും ആണ്. എന്നാല്‍ മാനവരാശിയുടെ ശുദ്ധീകരണപ്രക്രിയക്ക് നിയോഗിച്ചത് 1,24,000 പ്രവാചകരേയാണ്. മാനവരാശിയെ സംശുദ്ധീകരിക്കാന്‍ വേദഗ്രന്ഥങ്ങള്‍ക്കായിരുന്നു പ്രധാന്യം എങ്കില്‍ അവന്‍ 1,24,000 വേദഗ്രന്ഥങ്ങളായിരുന്നു അവതരിപ്പിക്കുക. വേദഗ്രന്ഥങ്ങളേക്കാള്‍ പ്രാധാന്യം പ്രവാചകന്മാര്‍ക്കാണെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാം.
Read Also: ആറാം നൂറ്റാണ്ടിലെ അന്ധകാരം
ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ ഒന്നാം അധ്യായമായ ഫാതിഹയില്‍ നിന്ന് തന്നെ ഗ്രഹിക്കാം. ഫാതിഹ എന്നത് ലക്ഷ്യപാപ്തിയുടെ പ്രാര്‍ഥനാധ്യായം ആണ്. മനുഷ്യന്റെ അകവും പുറവും ഉള്ള വിശുദ്ധി നേടലാണ് മനുഷ്യലക്ഷ്യം. അതാണ് ഹിദായത്. സ്വര്‍ഗലോകത്ത് നിന്ന് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ ഇക്കാര്യമാണ് മനുഷ്യന് നിര്‍ദേശം നല്‍കിയത്.'നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.' (അല്‍ബഖറ 38).'എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.'(ത്വാഹ 123).അതിന്റെ മര്‍മമാണ് ഫാതിഹ. മനുഷ്യന്‍ നന്നാവാന്‍ ഖുര്‍ആനിനെ സമീപിക്കുകയാണ്. നിരന്തരം അവനതിന് പ്രാര്‍ഥിക്കുന്നു. ഖുര്‍ആന്‍ അപ്പോള്‍ മനുഷ്യനെ തിരിച്ച് വിടുന്നു, നിരുപാധികം എന്നെ സമീപിച്ചിട്ട് കാര്യമില്ല. മനുഷ്യരിലേക്ക് തന്നെ നീ തിരിച്ച് പോകുക. അല്ലാഹു അനുഗ്രഹിച്ച ആളുകളെ അനുധാവനം ചെയ്യാതെ ഹിദായത് ലഭ്യമല്ല. വേദഗ്രന്ഥമവല്ല മര്‍മമെന്നും അല്ലാഹു തിരഞ്ഞെടുത്ത ആളിലൂടെ തന്നെ സമീപിക്കണമെന്നും ആണ് ഖുര്‍ആന്‍ ഒന്നാം അധ്യായം പഠിപ്പിക്കുന്നത്. അവര്‍ വഴിയല്ലാതെ അകവും പുറവും ഉള്ള വിശുദ്ധി ഹിദായത് ലഭ്യമല്ലെന്ന് ചുരുക്കം.
പ്രവാചകാധ്യാപനത്തെ അനുസരിക്കാത്ത ഖുര്‍ആന്‍ കൊണ്ട് മനുഷ്യന്‍ പിഴക്കുമെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേവലം അക്ഷരസ്രാതസ്സ് ആയി മാത്രം ഖുര്‍ആനിനെ സമീപിച്ചാല്‍ അവന് ലക്ഷ്യപ്രാപ്തി ലഭ്യമല്ല. പ്രവാചകന്‍ മുഖേന വഴിപിഴക്കും എന്ന ഒരു സൂക്തം ഖുര്‍ആനിലില്ല. ഈ അനുഗ്രഹത്തെയാണ് കഅ്ബാ നിര്‍മാണ വേളയില്‍ ഇബ്രാഹീം (അ) ചോദിക്കുന്നത്:ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് ( ഞങ്ങളുടെ സന്താനങ്ങള്‍ക്ക് ) നിന്റെദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.(അല്‍ ബഖറ).ഇബ്്‌റാഹീം നബി(അ) ചോദിക്കുന്നത് പ്രധാനമായും രണ്ട് അനുഗ്രഹങ്ങളാണ്. 1. റസൂല്‍ 2. ഗ്രന്ഥങ്ങള്‍. റസൂല്‍ വരണമെന്നും ആ പ്രവാചകന്‍ മുഖേനമാത്രമേ ആത്മസംസ്‌കരണം ലഭ്യമാകൂ എന്നും അല്ലാഹു നിശ്ചയിച്ചതാണ്. അല്ലാതെ ഒറ്റയിരുപ്പില്‍ 5,000 വരികളുള്ള ഖണ്ഡകാവ്യം രചിക്കുന്ന സാഹിത്യസാമ്രാട്ടുകള്‍ക്ക് ഒരു ഗ്രന്ഥം വിശദീകരിക്കാന്‍ മാത്രം ഒരാളെ ആവശ്യമില്ലല്ലോ.
Read Also: ലോകം ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്
വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെടുക എന്നതിനേക്കാള്‍ പ്രവാചക നിയോഗത്തിനാണ് ഖുര്‍ആന്‍ പ്രാമുഖ്യം നല്‍കിയത്.മേല്‍ സൂചിപ്പിച്ച സൂക്തത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. ആലുഇംറാന്‍ സൂറയില്‍ അല്ലാഹു പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (164).
ഈ പ്രവാചകന്മാരെല്ലാം പ്രകാശത്തിന്റെ അടിസ്ഥാന സ്രോതസ്സുകളാണ്. അവര്‍ മുഖേനയാണ് ഹൃദയത്തിനുള്ള വെളിച്ചം ലഭ്യമാകുക.ഏറ്റവും വലിയ ഈ പ്രകാശമാണ് മുര്‍സലുകള്‍. അവരെ വിശദീകരിക്കാനാണ് സാധാരണ പ്രവാചകന്മാര്‍ വന്നത്. മുര്‍സലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉലുല്‍ അസ്മുകള്‍ എന്ന പേരിലറിയപ്പെടുന്ന അഞ്ച് പ്രവാചകര്‍. അവരില്‍ തന്നെ ഏറ്റവും ഉന്നതര്‍ മുഹമ്മദ് (സ). അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: ( ചുമരില്‍ വിളക്ക് വെക്കാനുള്ള ) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു'. സൂറത്തുന്നൂറിലെ 35ാം വചനമാണിത്. ഇതിന് അല്ലാമാ റാസി നല്‍കുന്ന വിശദീകരണം;'വിളക്ക് മാടം ഇബ്‌റാഹീം, പളുങ്ക് പാത്രം ഇസ്മാഈല്‍, വിളക്ക് മുഹമ്മദ്' എന്നാണ്. ഈ വിളക്കില്‍ നിന്നാണ് പ്രപഞ്ചത്തിനാവശ്യമായ ഇന്ധനം ലഭ്യമാകുന്നത്.
മുഹമ്മദ് നബിയെന്ന പ്രകാശത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് നോക്കൂ: നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്. ( അഹ്‌സാബ് 45,46). സൂര്യനെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് ഒരിക്കല്‍ കെട്ടുപോകുന്ന പ്രകാശമായിട്ടാണ്. (വഹാജ്). എന്നാല്‍ മുഹമ്മദ് നബിയെ കെട്ട്‌പോകാത്ത പ്രകാശമായിട്ടാണ് സിറാജന്‍ മുനീര്‍ എന്നാണ്. പ്രകാശം കൊടുക്കുന്നവന്‍ എന്നര്‍ഥത്തില്‍ മുനീര്‍ എന്ന് പേരുള്ള മറ്റൊരു നബി ഇല്ല. മറ്റുള്ളവര്‍ നല്‍കുന്ന പ്രകാശം മുഹമ്മദീയ പ്രകാശത്തില്‍ നിന്ന് നേടിയ പ്രകാശമാണ്.
Also Read: വൈജ്ഞാനിക ശാസ്ത്ര മുന്നേറ്റം
മറ്റുപ്രവാചകന്മാരോട് മുഹമ്മദീയ പ്രകാശത്തെ അംഗീകരിക്കാമെന്ന് കരാര്‍ വാങ്ങിയത് സൂറ ആലുഇംറാന്‍ വിശദീകരിക്കുന്നുണ്ട്: 'അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്.'(81). അതിനെ അംഗീകരിച്ചവാരാണ് പ്രവാചകന്മാരായി നിയോഗിതരായത്.
പ്രശംസിക്കപ്പെടുന്നവനെന്ന് മുഹമ്മദ് നബിക്ക് അല്ലാഹു നല്‍കിയ നാമമാണ്. അതിന്റെ മഹത്വം പ്രഘോഷിക്കല്‍ മനുഷ്യബാധ്യതയാണ്. അല്ലാഹു അമ്പിയാക്കള്‍ക്കെല്ലാം നിസ്‌കാരം നല്‍കി. എന്നാല്‍ ഒരു നബിക്കും വാങ്ക് നല്‍കിയില്ല. അല്ലാഹു എന്ന നാമത്തോടൊപ്പം മുഹമ്മദ് നബി(സ) പ്രഘോഷിക്കപ്പെടണം എന്ന് അല്ലാഹു നിശ്ചയിച്ചതാണ്. അത് മാറ്റിവക്കാന്‍ മനുഷ്യന് സാധ്യമല്ല. മാഇദ് 15ാം സൂക്തത്തില്‍ നൂര്‍ എന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്. പ്രകാശം പരത്തുന്ന വിളക്ക് എന്ന് സൂറത്തുന്നൂറില്‍ വിശദീകരിച്ചത് കാണാം. അത് വെളിപ്പെടുത്തല്‍ ബുദ്ധിയുള്ളവന്റെ ബാധ്യതയാണ്.
ആദം നബി(അ) പുത്രന്‍ ശീസിനെ(അ) ഉപദേശിച്ചു മകനേ നീയാണെന്റെ പിന്‍ഗാമി. സൂക്ഷ്മജീവിതം നയിക്കണം.അല്ലാഹുവിനെ ഓര്‍ക്കുമ്പോഴെല്ലാം മുഹമ്മദ് നബി(സ)യേയും ഓര്‍ക്കണം. അവിടുന്ന് ഏറ്റവും ശ്രേഷ്ഠനായ മഹാത്മാവാണ്. സ്വര്‍ഗത്തില്‍ താമസിച്ചപ്പോള്‍ അവിടെയുള്ള സകല സ്ഥലങ്ങളിലും സ്ഥാനങ്ങളിലും കൊട്ടാരങ്ങളിലും മാലാഖമാരുടെ കണ്‍തടങ്ങളിലും തൂബാ വൃക്ഷത്തിന്‍മേലും സിദ്‌റതുല്‍ മുന്‍തഹയിലും അല്ലാഹുവിന്റെ മഹാനാമത്തോടൊപ്പം മുഹമ്മദ്(സ) എന്ന നാമപ്രകാം നിറഞ്ഞു കിടക്കുന്നതായി ഞാന്‍ കാണ്ടിരുന്നു.(താരീഖ് ദിമിശ്ക്-ഇബ്‌നുഅസാകിര്‍).
പില്‍കാലത്ത് ലഭിച്ച പെട്ടി ആദം (അ) സ്വര്‍ഗത്തില്‍ നിന്നുകൊണ്ടുവന്നപ്പോള്‍ കൊണ്ട് വന്നതാണ്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലെത്തുമ്പോള്‍ അത് മുഹമ്മദീയ പ്രകാശത്താല്‍ സമ്പന്നമായിരുന്നു(തഫ്‌സീറു റൂഹുല്‍ ബയാന്‍ ).വിവേകമതികള്‍ അവരുടെ രക്ഷാമാര്‍ഗമായി മുഹമ്മദ് നബി(സ)യെ തെരഞ്ഞെടുക്കുന്നു. ആ മഹാത്മാവിനെ പ്രകീര്‍ത്തിക്കുന്നു. ലോകത്തിനാകം പ്രകാശം ചൊരിയുന്ന ആ വിശുദ്ധാത്മാവിനെ എങ്ങിനെ പ്രകീര്‍ത്തിക്കാതിരിക്കും.
പരിശുദ്ധ റൗളയില്‍ വന്നു കവിപാടി:
യാ ഖൈറ മന്‍ ദുഫിനത് ബില്‍
ഖാഇ അഅ്‌ളമുഹു.
ഫത്വാബ മിന്‍ തീബിഹിന്നല്‍ ഖാഉ വല്‍ അകമു
നഫ്‌സില്‍ ഫിദാഇ ലി ഖബരിന്‍ അന്‍ത സാകിനുഹു
ഫീഹില്‍ അഫാഫു വഫീഹില്‍ജൂദു വല്‍ കറമു
(ഉണ്മ തന്‍ മണ്ഡല മാറില്‍ മയങ്ങുന്ന
മാനുഷ പര്‍വത്തിന്‍ മായാ പ്രവാഹമേ,
ഉത്തമ തിരുനബീ പൂവുടല്‍ പൂര്‍ണിമ
തൂമണം തഴുകുമീ മരുകളും മലകളും
സുരവനി വാഴുന്ന നിന്‍ഖബര്‍ റൗളയില്‍
തര്‍പ്പണം ചെയ്തുവെന്‍ സ്വത്വവും നായകാ
സ്‌നേഹകുടീരമാം നിന്‍ ഖബര്‍ മേടയാണ്‍
ദാനവും പവനയും ഔദാര്യഗേഹവും)
rahmathullah-qasimi-muthedam
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."