സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി നിവ്യയുടെ സുവര്‍ണ കുതിപ്പ്
വിജയവാഡ: അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി നിവ്യ ആന്റണിയുടെ സുവര്‍ണ നേട്ടം. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ തന്റെ തന്നെ ദേശീയ റെക്കോര്‍ഡാണ് നിവ്യ തിരുത്തിയത്. മൂന്നാം ദിനത്തില്‍ അഞ്ച് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലം മെഡലുകളാണ് കേരളം നേടിയത്. ഇതോടെ കേരളത്തിന്റെ മൊത്തം മെഡല്‍ നേട്ടം പത്ത് വീതം സ്വര്‍ണം, വെള്ളി, വെങ്കലമായി മാറി.
3.55 മീറ്റര്‍ താണ്ടിയായിരുന്ന നിവ്യയുടെ സുവര്‍ണ നേട്ടം. 3.40 മീറ്ററിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്. അണ്ടര്‍ 14 പെണ്‍ ലോങ് ജംപില്‍ ഡാലിയ പി ലാലും (5.03 മീറ്റര്‍) കേരളത്തിനായി മൂന്നാം ദിനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍ വിഭാഗത്തില്‍ ഹൈ ജംപില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന്. ജിയോ ജോസ് (2.12) സ്വര്‍ണം നേടിയപ്പോള്‍ ആരോമല്‍ ടി വെള്ളി (2.10) നേട്ടത്തിലെത്തി. അണ്ടര്‍ പെണ്‍ 400 മീറ്ററില്‍ കേരളത്തിന്റെ പ്രസില്ല ഡാനിയേല്‍ ഇന്നലെ കേരളത്തിന് നാലാം സ്വര്‍ണം സമ്മാനിച്ചു. 57.04 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ ആന്‍സി സോജനും (5.97 മീറ്റര്‍) സുവര്‍ണ താരമായി.
അണ്ടര്‍ 20 പെണ്‍ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് വെള്ളി നേടി. അണ്ടര്‍ 20 ആണ്‍ 100 മീറ്ററില്‍ അതുല്‍ സേനനും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സായൂജ് ടി.കെയും മൂന്നാം ദിനത്തില്‍ കേരളത്തിന് വെള്ളി സമ്മാനിച്ചു.
അണ്ടര്‍ 18 പെണ്‍ വിഭാഗം 5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ആശ സോമന്‍, അണ്ടര്‍ 16 പെണ്‍ 3000 മീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രന്‍, അണ്ടര്‍ 16 പെണ്‍ ഷോട് പുട്ടില്‍ കെസിയ മറിയം ബെന്നി, അണ്ടര്‍ 20 പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആതിര മോഹന്‍, അണ്ടര്‍ 16 പെണ്‍ 100 മീറ്ററില്‍ അനു ജോസഫ്, അണ്ടര്‍ 20 ആണ്‍ ഡെക്കാത്‌ലണില്‍ അകാശ് പി എന്നിവര്‍ കേരളത്തിനായി മൂന്നാം ദിനത്തില്‍ വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."