കാസര്‍കോട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സി.ബി.ഐ റെയ്ഡ് അരി മറിച്ചുവില്‍ക്കുന്നതായി പരാതി
കാസര്‍കോട്: വിദ്യാനഗറിലുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സി.ബി.ഐ റെയ്ഡ്. സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി മറിച്ചുവില്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നെത്തിയ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ 11 ഓടെയാണ് റെയ്ഡ് തുടങ്ങിയത്. പാക്ക് ചെയ്ത 50 കിലോയുടെ 70 ചാക്ക് അരിയും പാക്കിങ്ങിന് കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും പിടിച്ചെടുത്തു. മലപ്പുറത്ത് നേരത്തേ സമാനമായ തട്ടിപ്പ് കണ്ടെത്തിയിരുന്നു.
ആര്‍.എന്‍.എസ് എന്ന കമ്പനിക്കാണ് പാക്കിങ് നടത്താനായി സിവില്‍ സപ്ലൈസ് അനുമതി നല്‍കിയിട്ടുള്ളത്. ഗോഡൗണിനോടുചേര്‍ന്ന് സ്വകാര്യ കമ്പനി മറ്റൊരു ഗോഡൗണ്‍ വാടകയ്‌ക്കെടുത്താണ് അരി മറിച്ചുവില്‍ക്കുന്നത്.
അരിയും മറ്റ് ഉല്‍പന്നങ്ങളും സിവില്‍ സപ്ലൈസ് വഴി വിറ്റഴിക്കുന്നതിനുപകരം സ്വകാര്യ വിപണിയിലേക്ക് കടത്തുന്നതായുള്ള പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിവില്‍ സപ്ലൈസിന്റെ അരി മറിച്ചുവില്‍ക്കുന്നത് ഉപ്പളയിലെ രണ്ടംഗ സംഘമാണെന്നാണ് ആരോപണം. സംഘം 11 വര്‍ഷമായി തുടരുന്ന ഞെട്ടിക്കുന്ന വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍കോട് ഉപ്പള സ്വദേശികളായ റബിലേഷ്, ശാന്തകുമാര്‍ എന്നിവരാണ് അരി മറിച്ചുവില്‍ക്കുന്ന സംഘത്തിലെ സൂത്രധാരന്മാരെന്നും സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പ്രധാന പങ്കുണ്ടെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. ആര്‍.എസ് ബ്രാന്‍ഡ് എന്ന പേരിലാണ് സപ്ലൈകോയുടെ അരി പൊതുവിപണിയിലേക്ക് മറിച്ചുവില്‍ക്കുന്നത്.
11 വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരുന്നതായി വ്യക്തമായിട്ടുണ്ട്. കാസര്‍കോട് മാര്‍ക്കറ്റില്‍ സിവില്‍ സപ്ലൈസിന് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിനോടു ചേര്‍ന്നാണ് സ്വകാര്യ ഗോഡൗണ്‍ വാടകയ്‌ക്കെടുത്ത ആര്‍.എസ് ബ്രാന്‍ഡ് കമ്പനി റേഷനരി ബ്രാന്‍ഡഡാക്കി കരിഞ്ചന്തയിലേക്ക് ഒഴുക്കുന്നത്.
ഇതിന്റെ സൂപ്പര്‍വൈസറായ വിദ്യാനഗര്‍ ചാലയിലെ ബോബിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേ മഹാരാഷ്ട്രയില്‍ നിന്ന് വെല്ലം മൊത്തമായി കൊണ്ടുവന്ന് പാക്കറ്റുകളിലാക്കി കടകളിലെത്തിച്ച് കൊടുക്കുകയായിരുന്നു ആര്‍.എസ് കമ്പനിയുടെ പ്രധാന ഇടപാട്.
ഒരുവര്‍ഷം 459 ലോഡ് അരി എഫ്.സി.ഐയില്‍ നിന്ന് ഗോഡൗണിലേക്ക് വരുന്നതായാണ് വിവരം. ഈ അരിയില്‍ ഭൂരിഭാഗവും ആര്‍.എസ് കമ്പനി വഴിയാണ് ബ്രാന്‍ഡഡാക്കി പുറത്തേക്ക് കടത്തിയത്. ആര്‍.എസ്. കമ്പനിയുടെ ഉടമകളെ സി.ബി.ഐക്ക് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."