മെട്രോയിലെ അമിത പാര്‍ക്കിങ് ഫീസ് അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അമിതഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. മെട്രോ റെയില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെട്ട് ദിവസേന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നവരുടെ ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
മൂന്നാഴ്ചക്കകം മെട്രോ റെയില്‍ എം.ഡിയും ജില്ലാ കലക്ടറും റിപോര്‍ട്ട് സമര്‍പ്പിക്കണം. മെട്രോ റെയിലിന്റെ ആരംഭകാലത്ത് ഇത്തരം പ്രതിസന്ധികള്‍ സ്വാഭാവികമാണെങ്കിലും അവ പരിഹരിക്കാന്‍ സമയമായെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പാര്‍ക്കിങ് യാര്‍ഡില്‍ കാറിന് 250 രൂപയും ഇരുചക്രവാഹനത്തിന് 100 രൂപയുമാണ് പ്രതിദിന വാടകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇക്കാരണത്താല്‍ മെട്രോ യാത്രക്കാര്‍ മറ്റ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. പാര്‍ക്കിങ് ഫീസ് കാരണം മെട്രോയെക്കാള്‍ ലാഭം സ്വകാര്യവാഹനങ്ങളായതിനാല്‍ മെട്രോയില്‍ യാത്രക്കാര്‍ കുറയുകയാണെന്നും പരാതിയില്‍ പറയുന്നു. പാര്‍ക്കിങ് യാര്‍ഡില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."