പിണറായി പ്രതിരോധത്തില്‍
കണ്ണൂര്‍: സി.പി. എം ഏരിയാസമ്മേളനങ്ങള്‍ പുരോഗമിക്കവേ മുഖ്യചര്‍ച്ചാവിഷയം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണവീഴ്ചകള്‍.സംഘടന, ഭരണം എന്നീ വിഷയങ്ങളില്‍ ഉള്‍പ്പാര്‍ട്ടിവിമര്‍ശനം സമ്മേളനങ്ങളില്‍ സ്വാഭാവികമാണെങ്കിലും ഇത്തവണ അതിനു മൂര്‍ച്ചകൂടിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 22 മുതല്‍ തുടങ്ങിയ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രാദേശിക സംഘടനാവിഷയങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരണവീഴ്ചകളെക്കുറിച്ചു തന്നെയായിരുന്നു വിമര്‍ശനം. ഏറെ പ്രതീക്ഷ പുലര്‍ത്തിയ പിണറായിവിജയനില്‍ നിന്ന് ഇരട്ടച്ചങ്കുപോയിട്ട് ഒറ്റച്ചങ്കുപോലും പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നായിരുന്നു പൊതുവിമര്‍ശനത്തിന്റെ കാതല്‍.
സമ്മേളനങ്ങള്‍ ലോക്കല്‍ വിട്ട് ഏരിയകളില്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ നേതൃത്വത്തിന് തുറന്നുസമ്മതിക്കേണ്ട അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. ആരോപണങ്ങളില്‍ നിന്ന് ആരോപണങ്ങളിലേക്കാണ് സര്‍ക്കാര്‍ ഓരോ ദിവസവും നീങ്ങുന്നത്. ഒന്നര വര്‍ഷത്തിനകം മൂന്ന് മന്ത്രിമാര്‍ക്കാണ് രാജിവയ്‌ക്കേണ്ടി വന്നത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതും ഇത്തരം ആരോപണങ്ങള്‍ മൂലമാണെന്ന് ഏരിയാസമ്മേളന ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആരോപിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായത് ഇ.പി.ജയരാജന്‍ ബന്ധുനിയമനവും പി.ജയരാജനു ലഭിച്ച ശാസനയുമാണ്.
കോടതിവിധി വന്നിട്ടും തോമസ് ചാണ്ടിയെ പുറത്താക്കാതെ തലയില്‍പ്പേറിയ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും വിമര്‍ശിക്കപ്പെട്ടു. മറ്റുള്ളവര്‍ക്കു മുന്‍പില്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയുടെമുന്‍പില്‍ മുട്ടുവിറച്ചുവോയെന്നാണ് ഒരംഗം ചോദിച്ചത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അപ്രമാദിത്തം കാണിച്ചുവെന്ന സംസ്ഥാനസമിതിയിലെ വിമര്‍ശനം പാര്‍ട്ടിസംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. നേരത്തെ പിണറായി, കോടിയേരി, വി.എസ് എന്നീ നേതാക്കളെ വാഴ്ത്തിപ്പാടുകയും പൂര്‍ണകായ ഫ്‌ളക്‌സുകളുയരുകയും ചെയ്തപ്പോള്‍ എന്തുകൊണ്ടു സംസ്ഥാന കമ്മിറ്റി ഇടപെട്ടില്ലെന്ന ചോദ്യവും ഉയര്‍ന്നു.
ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതും ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും പുതുവൈപ്പ്, ഗെയില്‍ സമരങ്ങള്‍ അടിച്ചമര്‍ത്തിയതും പിണറായിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശമാക്കിയെന്ന വിമര്‍ശനവും ഉയര്‍ന്നു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനായി കേരളഹൗസില്‍ വിരുന്നു സല്‍ക്കാരമൊരുക്കിയ മുഖ്യമന്ത്രി പരിവാര്‍പക്ഷപാതിയായ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വഴിവിട്ടുസംരക്ഷിക്കുകയാണെന്നും ആരോപണമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."