രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; പാര്‍ട്ടി പ്രവര്‍ത്തകസമിതി ഇന്ന്
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുകയും പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പുരോഗമിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗം ഇന്നു ചേരും. സംഘടനാ തെരഞ്ഞെടുപ്പിനുള്ള കേന്ദ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രസിഡന്റായി അവരോധിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തിന്റെ അജന്‍ഡ.
അധ്യക്ഷ സ്ഥാനത്തുള്ള സോണിയാ ഗാന്ധിയുടെ ചുമതല ഡിസംബറില്‍ അവസാനിക്കുകയാണ്. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിനു മുന്‍പുതന്നെ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുത്താല്‍ അതു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് മുതിര്‍ന്ന അംഗങ്ങളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതു നീട്ടിക്കൊണ്ടുപോകാനുള്ള നിലപാടില്‍ രാഹുല്‍ മാറ്റം വരുത്തിയേക്കും. ഗുജറാത്തിലെ വോട്ടെടുപ്പ് ദിവസത്തിനു മുന്‍പുതന്നെ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനു മുന്നോടിയായി 2013ലാണ് രാഹുല്‍ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയെ അലട്ടിയതോടെ രാഹുലിന്റെ ജോലിഭാരം കൂടുകയുംചെയ്തു.
രാഹുല്‍ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പദവി ഏറ്റെടുക്കാനായിരുന്നു രാഹുലിന്റെ താല്‍പര്യമെങ്കിലും തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം തീരുമാനം നീട്ടിവയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഇന്നത്തെ യോഗം പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തിയതി തീരുമാനിച്ചാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാകും. നിലവില്‍ രാഹുലിനെതിരേ എതിര്‍ സ്ഥാനാര്‍ഥികളുണ്ടാകാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തി രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാത്രമാകുമുണ്ടാവുക.
പ്രസിഡന്റ് പദവിയിലേക്കു മത്സരം നടക്കുകയാണെങ്കില്‍ സംസ്ഥാനങ്ങളിലെ ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെത്തിച്ച് വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നീളും.
അധ്യക്ഷനെ തീരുമാനിക്കാന്‍ പ്രവര്‍ത്തകസമിതി ചേരണമെന്നു നിര്‍ബന്ധമില്ലെങ്കിലും സ്ഥാനാരോഹണത്തിനു പാര്‍ട്ടിയിലെ ഉന്നതസമിതിയുടെ അംഗീകാരം വാങ്ങണമെന്ന സോണിയയുടെ നിര്‍ദേശപ്രകാരമാണ് ഇന്നത്തെ യോഗമെന്നാണ് സൂചന.
രാവിലെ 10.30നു നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അധ്യക്ഷയാകും. സോണിയയുടെ ഡല്‍ഹിയിലെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ എന്നിവരും പങ്കെടുക്കും.
ആന്റണി ഉപാധ്യക്ഷനാകും?
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതോടെ ഉപാധ്യക്ഷനായി എ.കെ ആന്റണിയെ തെരഞ്ഞെടുത്തേക്കുമെന്നു സൂചന. പ്രവര്‍ത്തക സമിതി അംഗവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധംപുലര്‍ത്തുകയും ചെയ്യുന്ന എ.കെ ആന്റണി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ തീരുമാനങ്ങള്‍ യുവ നേതാക്കള്‍ക്കു മാത്രമായി വിട്ടുകൊടുക്കുന്ന രാഹുലിന്റെ ശൈലിയില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണിയെ വൈസ് പ്രസിഡന്റായി ചുമതലപ്പെടുത്തുന്നതോടെ ഇത്തരം എതിര്‍പ്പ് മറികടക്കാനാകുമെന്നു ഹൈക്കമാന്‍ഡ് കരുതുന്നു.
യുവ നേതാക്കള്‍ക്കപ്പുറം, പുതിയ പാര്‍ട്ടി അധ്യക്ഷനു വഴികാട്ടുന്നതിനു മുതിര്‍ന്ന, അനുഭവ സമ്പന്നനായ നേതാവെന്ന നിലയില്‍ ആന്റണിയെ ഉപാധ്യക്ഷനാക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."