എല്‍.ഡി.എഫില്‍ അതിരപ്പിള്ളി വിവാദം വീണ്ടും കൊഴുക്കുന്നു
തൃശൂര്‍: കൊമ്പുകോര്‍ക്കല്‍ അവസാനിപ്പിച്ചതിനുപിന്നാലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇടതുമുന്നണിയില്‍ വീണ്ടും സജീവമാകുന്നു. പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ കീഴിലുള്ള കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് സംഘടന ഇന്ന് തൃശൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രി എം.എം മണിയാണ് ഉദ്ഘാടകന്‍. പദ്ധതി അനിവാര്യമാണെന്ന നിലപാടിലൂന്നിയാണ് കെ.എസ്.ഇ.ബി മുന്നോട്ട്‌പോകുന്നത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിന് അഞ്ച് കോടിയില്‍ താഴെ മാത്രമാണ് ചെലവെന്നും 10 വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നുമാണ് കെ.എസ്.ഇ.ഡബ്ല്യു.എയുടെ വാദം. മാത്രമല്ല, പദ്ധതിക്ക് ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടതില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടം എല്ലാകാലത്തും സജീവമാകുമെന്നും ജലസേചനത്തിന് പദ്ധതി ഉപകാരപ്പെടുമെന്നും ഇവര്‍ പറയുന്നു.
പദ്ധതിയെ അനുകൂലിക്കാത്ത നിലപാടാണ് സി.പി.ഐക്ക്. ഇക്കാര്യത്തില്‍ പാര്‍ട്ടി നയം വ്യക്തമാക്കിയതായി എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറിയായ കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ എ.ഐ.ടി.യു.സി നേതാവ് എ.എന്‍ രാജന്‍ പങ്കെടുക്കുന്നതിനെ കെ.പി രാജേന്ദ്രന്‍ ന്യായീകരിച്ചു.
അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് മുന്നില്‍ രാജന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കും.
ഇക്കാര്യത്തില്‍ എ.ഐ.ടി.യു.സിക്ക് വ്യക്തമായ നിലപാടുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."