ബാങ്ക് കൊടുക്കുമ്പോള്‍ നിര്‍ത്തിയും സലാം പറഞ്ഞും മുസ്‌ലിം പോക്കറ്റുകളില്‍ ബി.ജെ.പിയുടെ പ്രചാരണം
അഹ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലമായ ജമല്‍പൂരില്‍ കഴിഞ്ഞദിവസം പ്രചാരണം തുടങ്ങുമ്പോള്‍ അഞ്ചുമണി ആയിരുന്നു. മീശ വെട്ടിച്ചെറുതാക്കി താടി നീട്ടിവളര്‍ത്തി കറുത്തതൊപ്പിയും ധരിച്ച അഹ്മദാബാദിലെ ന്യൂനപക്ഷ മോര്‍ച്ചാനേതാവ് മഹ്ബൂബ് ചിശ്ത്തി അലങ്കരിച്ച സ്‌റ്റേജിന്റെ മുമ്പില്‍ തന്നെ വളരെ നേരത്തെ സ്ഥാനംപിടിച്ചിരുന്നു.
ജമല്‍പൂര്‍ മണ്ഡലത്തിലെ 61 ശതമാനം മുസ്‌ലിം വോട്ടുകള്‍ ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കളുടെ മനസ്സില്‍ ലഡുപൊട്ടിക്കാന്‍ പോന്നതാണ്. ശക്തമായി അവര്‍ മണ്ഡലത്തിനായി വാദിച്ചെങ്കിലും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചക്കാരെ അവഗണിച്ചു. മുന്‍ സ്പീക്കറും മുതിര്‍ന്ന നേതാവുമായ അശോക് ഭട്ടിന്റെ മകന്‍ ഭൂഷണ്‍ ഭട്ട് ആണ് ജമല്‍പൂര്‍ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ഇത്തവണയും സമുദായത്തില്‍ നിന്നുള്ള വ്യക്തിക്കു സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിലുള്ള പിണക്കം നിലനില്‍ക്കെയാണ് ജമല്‍പൂരിലെ പ്രചാരണ കണ്‍വെന്‍ഷന്‍ നടന്നത്.
സംസാരിക്കാന്‍ എണീറ്റ മുന്‍മന്ത്രി ഗിരീഷ് പാര്‍മര്‍ 'അസ്സലാമു അലൈക്കും' എന്നു സദസ്സിനെ അഭിസംബോധനചെയ്താണ് തുടങ്ങിയത്. നരേന്ദ്രമോദിയുടെ 'സബ്കാ സാത് സബ്കാ വികാസ്' (എല്ലാവര്‍ക്കും കൂടെ എല്ലാവര്‍ക്കും വികസനം) എന്ന മുദ്രാവാക്യം വിശദീകരിച്ചായിരുന്നു ഗിരീഷിന്റെ പ്രസംഗം. കേള്‍വിക്കാരായ ന്യൂനപക്ഷമോര്‍ച്ചക്കാരുടെ കൈയടികിട്ടാന്‍ ഈ പ്രസംഗം ധാരാളം. ബി.ജെ.പിയില്‍ ചേര്‍ന്നതിലൂടെ നിങ്ങള്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത്. മാലയില്‍കോര്‍ത്ത മുത്തുമണികളെപ്പോലെ നാമെല്ലാം ഇവിടെകഴിയുകയാണെന്നും പറഞ്ഞു പാര്‍മര്‍ കത്തിക്കയറി.
തുടര്‍ന്നു സംസാരിക്കാന്‍ എണീറ്റത് സ്ഥാനാര്‍ഥി ഭൂഷണ്‍ ഭട്ട്. അപ്പോഴേക്കും ബാങ്കുവിളി ഉര്‍ന്നു. ഇതോടെ സംസാരം നിര്‍ത്തിവച്ച അദ്ദേഹം മൈക്കിനുമുന്നില്‍ വന്ന് നിശ്ശബ്ദനായി നിന്നു. ബാങ്കുവിളി കഴിഞ്ഞയുടന്‍ പ്രസംഗം തുടങ്ങി. താന്‍ പ്രസംഗം തുടങ്ങാന്‍ നേരം ബാങ്കുവിളി ഉയര്‍ന്നത് അനുഗ്രഹമാണെന്നു പറഞ്ഞതോടെ മുമ്പിലിരിക്കുന്ന ന്യൂനപക്ഷമോര്‍ച്ചക്കാര്‍ വീണ്ടും കൈയടിച്ചു. ഗിരീഷ് പാര്‍മര്‍ നിര്‍ത്തിവച്ചിടത്തു നിന്നു തുടങ്ങുകയായിരുന്നു ഭട്ട് ചെയ്തത്.
പ്രസംഗത്തിനിടയില്‍ ജമര്‍പൂര്‍ മണ്ഡലത്തെ കോണ്‍ഗ്രസ് അവഗണിച്ചെന്ന ആരോപണം അദ്ദേഹവും ആവര്‍ത്തിച്ചു. അവസാനം സംസാരിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവ് മഹ്ബൂബ് അലി ചിശ്ത്തി, കോണ്‍ഗ്രസ്സിനെ ഉന്നംവച്ചാണ് പ്രസംഗിച്ചത്. ചിലയാളുകള്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതിനെപ്പോലും എതിര്‍ക്കുന്നു. ഇതുവരെ ഞങ്ങള്‍ കോണ്‍ഗ്രസ്സിനാണ് വോട്ട്‌ചെയ്തത്. എന്നിട്ട് ഞങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ തിരിച്ചുതന്നത് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."