ഉ.കൊറിയയെ അമേരിക്ക ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉ.കൊറിയയെ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയത്. നേരത്തെ, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ഉ.കൊറിയയെ പട്ടികയില്‍നിന്നു നീക്കിയിരുന്നെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ വലിയ തോതിലുള്ള അനുബന്ധ ഉപരോധങ്ങളുമുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാന്, സുദാന്‍, സിറിയ എന്നിവയാണ് അമേരിക്കയുടെ ഭീകര പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തിന് പ്രായോഗിക തലത്തില്‍ പരിമിതമായ സ്വാധീനമേ ഉണ്ടാകൂവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് പറഞ്ഞു. 2008ലാണ് ബുഷ് ഭരണകൂടം ഉ.കൊറിയയെ ഭീകരപട്ടികയില്നിന്നു നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."