ജയിലില്‍നിന്ന് നിസാമിന്റെ വധഭീഷണി: പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച മുഹമ്മദ് നിസാം ജയിലില്‍ നിന്ന് വധഭീഷണി മുഴക്കിയതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിസാമിന്റെ സഹോദരങ്ങള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ ക്രൈംബ്രാഞ്ച് യൂനിറ്റായിരിക്കും അന്വേഷിക്കുക. സഹോദരങ്ങളെയും സ്വന്തം കമ്പനിയുടെ മാനേജരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നതായി മുന്‍പ് പലവട്ടം മുഹമ്മദ് നിസാമിനെതിരേ പൊലിസിന് പരാതികള്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നേരിട്ട് ഫോണ്‍ വിളിച്ച് നിസാം വധ ഭീഷണിമുഴക്കുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. സ്വത്തുസംബന്ധമായും കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും നിസാം ഭീഷണി തുടര്‍ന്നതോടെയാണ് സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍, ബിസിനസ് പങ്കാളി ബഷീര്‍ അലി എന്നിവര്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കിയത്.
അപായപ്പെടുത്താന്‍ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് പണം നല്കി എന്നാണ് പരാതി. ബാങ്കില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. ജീവന് അപകടത്തിലാണെന്നും സുരക്ഷ നല്‍കണമെന്നും വ്യക്തമാക്കി ഹൈക്കോടതിയിലും ഇവര്‍ ഹരജി നല്‍കിയിട്ടുണ്ട്.
കൂടാതെ കണ്ണൂര്‍ ജയിലിലെ സ്വാധീനം ഉപയോഗിച്ചാണ് ഭീഷണി മുഴക്കുന്നതെന്നും പൂജപ്പുര ജയിലിലേക്ക് നിസാമിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് സഹോദരങ്ങള്‍ ജയില്‍ അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."