ഹാദിയയെ അടച്ചിട്ട മുറിയില്‍ ഹാജരാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ ഡോ. ഹാദിയയുടെ നിലപാട് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി. തിങ്കളാഴ്ച ഹാദിയക്ക് പറയാനുള്ളതു സുപ്രിംകോടതി കേള്‍ക്കാനിരിക്കെയാണ് അശോകന് അടിയന്തരമായി ഹരജി സമര്‍പ്പിച്ചത്. ഇന്നലെ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന് മുന്‍പാകെ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, എല്ലാ ഹരജികളും തിങ്കളാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞ് മൂന്നംഗ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. നേരത്തെ ഈ ആവശ്യം അശോകന് ഉന്നയിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
കഴിഞ്ഞമാസം 30നു കേസ് പരിഗണിക്കവെ അശോകന്റെയും എന്‍.ഐ.എയുടെയും ശക്തമായ ആവശ്യം തള്ളിയാണ് ഹാദിയക്കു പറയാനുള്ളത് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
കേസില്‍ എന്‍.ഐ.എ നടത്തിവരുന്ന അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹാദിയയെ സന്ദര്‍ശിച്ച് വിവാദപ്രസ്താവനയിറക്കിയ ദേശീയവനിതാ കമ്മിഷന് അധ്യക്ഷക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കണമെന്നും ഈ ഹരജിയില്‍ ഷെഫിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങളും കോടതി തിങ്കളാഴ്ചയേ പരിഗണിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."