നിലമ്പൂര്‍ സംഭവത്തിന് നാളേക്ക് ഒരുവര്‍ഷം; പൊലിസ് അതീവ ജാഗ്രതയില്‍: പ്രത്യാക്രമണത്തിനൊരുങ്ങി മാവോയിസ്റ്റുകള്‍
നിലമ്പൂര്‍: സംസ്ഥാനത്ത് പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ആദ്യത്തെ മാവോയിസ്റ്റുകള്‍ക്കായി 24ന് രക്തസാക്ഷിദിനാചരണം ആചരിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായി പൊലിസിന് വിവരം ലഭിച്ചു.
തിരിച്ചടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് മാവോയിസ്റ്റ് ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകള്‍ക്ക് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. നിലമ്പൂര്‍ വനത്തിലെ കരുളായി വരയന്‍മല ഒണക്കപ്പാറയില്‍ കഴിഞ്ഞ നവംബര്‍ 24നാണ് പൊലിസ് വെടിവയ്പിനിടെ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജ് (കുപ്പുസ്വാമി), തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയംഗം അജിത(കാവേരി) എന്നിവര്‍ കൊല്ലപ്പെട്ടത്.
തിരിച്ചടിക്കുമെന്ന മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സ് വിഭാഗവും ഗൗരവമായാണ് കാണുന്നത്. പോസ്റ്ററുകളിലൂടെയുള്ള ആഹ്വാനങ്ങളും,വെടിവയ്പിന് ശേഷം പൊലിസിന് മുന്‍പാകെ കീഴടങ്ങിയവരും പിടിക്കപ്പെട്ടവരും നല്‍കിയ മൊഴിയും തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, സംസ്ഥാന നക്‌സല്‍ വിരുദ്ധ വിഭാഗം, തമിഴ്‌നാട് ക്യൂബ്രാഞ്ച്, തമിഴ്‌നാട് എസ്.ടി.എഫ്, കര്‍ണാടക എ.എന്‍.എസ്, തെലങ്കാന എസ്.ഐ.ബി, ആന്ധ്ര എസ്.ഐ.ബി തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങളും തിരിച്ചടിയുണ്ടാവുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതേ തുടര്‍ന്ന് വിവിധ ജില്ലകളിലെ പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അതീവ സുരക്ഷയൊരുക്കിയിട്ടുള്ളത്. തണ്ടര്‍ബോള്‍ട്ടുകളെ ഇവിടങ്ങളില്‍ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
പരിശോധനയ്ക്കിടെ വയനാട്ടില്‍വച്ച് മാവോയിസ്റ്റ് നേതാവ് ചന്ദ്രു തലനാരിഴക്ക് രക്ഷപ്പെട്ടത് പൊലിസിന് നാണക്കേടായിട്ടുണ്ട്. കഴിഞ്ഞ ദിവസം തലപ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ബസില്‍ യാത്രചെയ്ത വിവരമറിഞ്ഞ് പൊലിസ് ബസ് തടഞ്ഞെങ്കിലും ഇയാള്‍ തൊട്ട് മുന്‍പത്തെ സ്റ്റോപ്പില്‍ ഇറങ്ങി കാട്ടിലേക്ക് കയറി പോയ വിവരമാണ് ലഭിച്ചത്.
ഇതിനിടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനു പുറമെ കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ പലതവണ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നതായി പൊലിസ് സ്ഥിരീകരിച്ചു.
പ്രത്യാക്രമണം നടത്തുന്നതിന് പദ്ധതിയിടാനായി അടുത്തിടെ കര്‍ണാടകയിലെ കുടക് ബ്രഹ്മഗിരി വനമേഖലയിലും 45അംഗ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നതായി സംസ്ഥാന നക്‌സല്‍ വിരുദ്ധ സ്‌ക്വാഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുമാത്രം 12 പേര്‍ പങ്കെടുത്തതായാണ് വിവരം. തമിഴ്‌നാട്ടില്‍നിന്ന് 12 പേരും കര്‍ണാടകയില്‍നിന്ന് 13 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് അഞ്ച് പേരും പങ്കെടുത്തു.
ഇവര്‍ക്ക് ആയുധ പരിശീലനവും നല്‍കിയാണ് യോഗം പിരിഞ്ഞത്. അതേസമയം, ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ റെയ്ഞ്ചുകളില്‍ കഴിഞ്ഞ ദിവസം പൊലിസ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."