വാതകങ്ങള്‍
ദ്രവ്യത്തിന്റെ മുഖ്യമായ മൂന്ന് അവസ്ഥകളില്‍ ഒന്നാണ് വാതകാവസ്ഥ. നിയതമായ ആകൃതിയോ വ്യാപ്തമോ ഇല്ലാത്തവയാണ് വാതകങ്ങള്‍. വാതകത്തിലെ തന്മാത്രകള്‍ തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. വാതകങ്ങല്‍ അവ ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുകയും ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം വാതകത്തിന്റെ വ്യാപ്തമായി കണക്കാക്കുകയും ചെയ്യുന്നു. വാതക തന്മാത്രകള്‍ എല്ലാ വശങ്ങളിലേക്കും തുല്യ മര്‍ദമാണ് പ്രയോഗിക്കുക.
ആവര്‍ത്തന പട്ടികയിലെ താരങ്ങള്‍
ആവര്‍ത്തന പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള വാതകങ്ങളാണ് ഹൈഡ്രജന്‍, ഹീലിയം, നൈട്രജന്‍, ഓക്‌സിജന്‍, ഫ്‌ളൂറിന്‍, നിയോണ്‍, ക്ലോറിന്‍, ആര്‍ഗണ്‍, ക്രിപ്‌റ്റോണ്‍, സെനോണ്‍, റഡോണ്‍ എന്നിവ.
ഡിഫ്യൂഷന്‍
ഒന്നിലധികം വാതകങ്ങള്‍ കൂടിക്കലരുന്നതാണ് ഡിഫ്യൂഷന്‍. അഥവാ വാതകം ശൂന്യ സ്ഥലത്തേക്കോ മറ്റൊരു വാതകത്തിലേക്കോ വ്യാപിക്കുന്ന പ്രക്രിയയാണിത്.
ഓക്‌സിജന്‍
ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ വാതകമാണ് ഓക്‌സിജന്‍. ആവര്‍ത്തന പട്ടികയിലെ പതിനാറാം ഗ്രൂപ്പിലാണ് ഓക്‌സിജന്റെ സ്ഥാനം. ജോസഫ് പ്രിസ്റ്റ്‌ലിയാണ് ഓക്‌സിജന്‍ കണ്ടെത്തിയത്. എന്നാല്‍ സമാനമായ കാലത്തുതന്നെ കാള്‍ വില്‍ഹം ഷീലെ എന്ന ശാസ്ത്രജ്ഞനും ഓക്‌സിജന്‍ കണ്ടെത്തിയിരുന്നു. പക്ഷേ ജോസഫ് പ്രിസ്റ്റ് ലിക്കാണ് ക്രഡിറ്റ് ലഭിച്ചത്. ഓക്‌സിജെനസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓക്‌സിജന്‍ എന്ന പേരിന്റെ ഉല്‍പ്പത്തി.
അന്തരീക്ഷവായുവിന്റെ 21%ശതമാനവും ഓക്‌സിജനാണ്. സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം മൂലമാണ് ഓക്‌സിജന്‍ ഉണ്ടാകുന്നത്. ഛ2 എന്നതാണ് ഇതിന്റെ രാസവാക്യം.
കാര്‍ബണ്‍ ഡൈ ഓക്്‌സൈഡ്
നമ്മള്‍ കുടിക്കുന്ന സോഡയുടെ രഹസ്യം എന്താണ്. ജലത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സെഡ് ലയിപ്പിച്ചാണ് സോഡ നിര്‍മിക്കുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡ് എന്ന നിറമില്ലാത്ത വാതകം ഒരേസമയം മനുഷ്യന് ഉപകാരവും ഉപദ്രവവും ചെയ്യുന്നു. സസ്യങ്ങള്‍ ആഹാരം പാചകം ചെയ്യുന്നത് പ്രസ്തുത വാതകം ഉപയോഗപ്പെടുത്തിയുള്ള പ്രകാശസംശ്ലേഷണം വഴിയാണ്.
കാര്‍ബണും ഓക്‌സിജനും ചേര്‍ന്ന സംയുക്തമാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്. രണ്ട് ഓക്‌സിജന്‍ ആറ്റങ്ങളും ഒരു കാര്‍ബണ്‍ ആറ്റവും സഹസംയോജന ബന്ധനം വഴി പരസ്പരം ബന്ധിപ്പിക്കപ്പെട്ടതാണ് ഇതിന്റെ ഘടന. അതായത് ഒരു മോളിക്യൂളില്‍ ഒരു കാര്‍ബണ്‍ ആറ്റവും രണ്ട് ഓക്‌സിജന്‍ ആറ്റങ്ങളും യോജിച്ച് കിടക്കുന്നു. ഇഛ2 എന്നാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് ചുരുക്കി വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ സ്വതന്ത്രാവസ്ഥയിലും ജലാശയങ്ങളില്‍ ഭാഗികമായ ലയനരൂപത്തിലുമാണ് ഇവ കാണപ്പെടുന്നത്. ആവിയന്ത്രങ്ങളുടെ പ്രചാരകാലം തൊട്ടാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ധിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. അഗ്നിശമനികളില്‍ മുഖ്യഘടകം കൂടിയാണ് ഇത്.
നൈട്രജന്‍
നിറം, മണം, രുചി എന്നിവ ഇല്ലാത്ത വാതകമാണ് നൈട്രജന്‍. ദ്വയാണു തന്മാത്രകളായാണ് ഇവയെ പ്രകൃതിയില്‍ കാണപ്പെടുന്നത്. ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെട്ടിരുന്ന ലാവോസിയര്‍ ഗ്രീക്ക് ഭാഷയിലെ ജീവനില്ലാത്തത് എന്ന് അര്‍ഥം വരുന്ന അസോട്ടെ എന്ന വാക്കായിരുന്നു നൈട്രജനെ വിശേഷിപ്പിക്കാന്‍ വിളിച്ചിരുന്നത്. അന്തരീക്ഷ വായുവിലെ 78 ശതമാനവും നൈട്രജനാണ്. സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ഡാനിയെല്‍ റൂഥര്‍ ഫോര്‍ഡ് ആണ് ഈ വാതകം കണ്ടെത്തിയത്. നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവ ചേര്‍ന്ന സംയുക്തമാണ് അമോണിയ.
നൈട്രസ് ഓക്‌സൈഡ് എന്ന നൈട്രജന്‍ സംയുക്തം 'ചിരിപ്പിക്കുന്ന വാതകം' എന്ന പേരിലും അറിയപ്പെടുന്നു. ദന്തവൈദ്യത്തിലും ശസ്ത്രക്രിയയിലും അനസ്‌തേഷ്യ നല്‍കുന്നതിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുക. ഇംഗ്ലീഷ് ശാസ്ത്രജ്ഞനായിരുന്ന ജോസഫ് പ്രീസ്റ്റ്‌ലി 1772ലാണ് നൈട്രസ് ഓക്‌സൈഡ് നിര്‍മിച്ചത്.
സസ്യവളര്‍ച്ചയ്ക്കും ജന്തുജാലങ്ങളുടെ നിലനില്‍പ്പിനും നൈട്രജന്‍ അത്യാവശ്യമാണ്. മിന്നല്‍, മഴ എന്നിവയിലൂടെ നൈട്രജന്‍ ഭൂമിയിലെത്തുന്നു. ഔഷധനിര്‍മാണം, പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കള്‍, വ്യോമസേനാ വിമാനങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മാണം, ചര്‍മരോഗ ചികിത്സ എന്നിവയില്‍ നൈട്രജനെ ഉപയോഗപ്പെടുത്തുന്നുണ്ട്.
രക്തസാക്ഷികളുടെ വാതകം
ലത്തീന്‍ ഭാഷയിലെ ഫ്‌ളൂര്‍ എന്ന പദത്തില്‍ നിന്നാണ് ഫ്‌ളൂറിന്റെ ഉല്‍പ്പത്തി. മഞ്ഞ കലര്‍ന്ന പച്ചനിറമുള്ള വിഷവാതകമാണ് ഫ്‌ളൂറിന്‍. രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള വാതകമൂലകമാണിത്. (രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മൂലകങ്ങളില്‍ ഇലക്‌ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം). മരുന്ന്, തുണിത്തരങ്ങള്‍, ടൂത്ത് പേസ്റ്റ് എന്നിവയുടെ നിര്‍മാണത്തില്‍ ഫ്‌ളൂറിന്‍ ഉപയോഗപ്പെടുത്തുന്നു. ഹെന്റി മോയ്‌സണ്‍ ആണ് ഫ്‌ളൂറിന്‍ മൂലകത്തെ വേര്‍തിരിച്ചെടുത്തത്. ഹൈഡ്രോ ഫ്‌ളൂറിക് ആസിഡില്‍ നിന്നു ഫ്‌ളൂറിന്‍ വേര്‍തിരിക്കുന്നതിനിടെ പരുക്കേല്‍ക്കുകയും മരണമടയുകയും ചെയ്തവരെ ഫ്‌ളൂറിന്‍ രക്തസാക്ഷികള്‍ എന്നു വിളിക്കുന്നു. ഹെന്റി മോയ്‌സണ്‍ ആണ് ശാസ്ത്രലോകത്തിന്റെ 74 വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഫ്‌ളൂറിന്‍ വേര്‍തിരിച്ചെടുത്തത്.
ക്ലോറിന്‍
പച്ച കലര്‍ന്ന മഞ്ഞനിറമാണ് ക്ലോറിന്. രൂക്ഷഗന്ധമുള്ള ഈ വാതകം കുമ്മായപ്പൊടിയിലൂടെ കടത്തിവിട്ടാണ് ബ്ലീച്ചിങ് പൗഡര്‍ നിര്‍മിക്കുന്നത്. ജലശുദ്ധീകരണം, അണുനശീകരണം എന്നിവയ്ക്കു ക്ലോറിന്‍ ഉപയോഗിക്കുന്നു. സര്‍ ഹംഫ്രി ഡേവിയാണ് ക്ലോറിന്‍ ഒരു മൂലകമാണെന്ന് സ്ഥിരീകരിച്ചത്.
എന്നാല്‍ ക്ലോറിന്‍ കണ്ടെത്തിയതിനുള്ള ക്രഡിറ്റ് കാല്‍ വില്‍ ഹെം ഷീലെക്കാണ്. ക്ലോറോസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ക്ലോറിന്‍ (അര്‍ഥം പുല്ലിന്റെ പച്ചനിറം) എന്ന പേരുവന്നത്. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മന്‍ സൈന്യത്തിന്റെ ഒരു രാസായുധമായിരുന്നു ക്ലോറിന്‍. ശ്വാസം മുട്ടിക്കുന്ന വാതകമായതിനാല്‍ ബെര്‍ത്തോലൈറ്റ് എന്നറിയപ്പെടുന്ന ക്ലോറിന്‍, രാസയുദ്ധത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രിറ്റ്‌സ് ഹേബര്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് രാസായുധമായി പ്രയോഗിക്കപ്പെട്ടത്. ജലത്തില്‍ ലയിപ്പിച്ച സോഡിയം ക്ലോറൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് വ്യാവസായികമായി ക്ലോറിന്‍ നിര്‍മിക്കുന്നത്.
ഉല്‍കൃഷ്ട വാതകങ്ങള്‍
ആവര്‍ത്തന പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറു മൂലകങ്ങളെയാണ് ഉല്‍കൃഷ്ട വാതകങ്ങള്‍ (നോബ്ള്‍ ഗ്യാസ്) എന്നു വിളിക്കുന്നത്. ഇവ അലസവാതകങ്ങള്‍, വിശിഷ്ട വാതകങ്ങള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഉല്‍കൃഷ്ട വാതകങ്ങള്‍ വിരളമായേ രാസപ്രവര്‍ത്തനം നടത്താറുള്ളൂ. ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്‌റ്റോണ്‍, സെനോണ്‍, റഡോണ്‍ എന്നിവയാണ് ഉല്‍കൃഷ്ട വാതകങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.
ഹീലിയം
നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണ് ഹീലിയം. ഗ്രീക്ക് സൂര്യദേവന്റെ പേരില്‍ നിന്നാണ് ഹീലിയം എന്ന പദത്തിന്റെ ഉല്‍പ്പത്തി. ദ്രവണാങ്കം, ക്വഥനാങ്കം എന്നിവ ഏറ്റവും കുറവുള്ള മൂലകമാണിത്. ദ്രവീകരിക്കാന്‍ ഏറെ പ്രയാസമുള്ള മൂലകമാണിത്. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ഏറ്റവും ഭാരം കുറഞ്ഞ മൂലകവും ഇതാണ്.
നിയോണ്‍
വില്യം റാസേ, മോറിസ് ഡബ്ല്യു. ട്രാവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ മൂലകം കണ്ടെത്തിയത്. പുതിയത് എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണ് നിയോണ്‍. ആവര്‍ത്തന പട്ടികയിലെ ഏറ്റവും അലസവാതകമാണ് നിയോണ്‍. ഡിസ്ചാര്‍ജ് ലാമ്പില്‍ ഓറഞ്ച് നിറം ലഭിക്കാന്‍ നിയോണ്‍ ഉപയോഗിക്കുന്നു.
ആര്‍ഗണ്‍
നിറമോ മണമോ ഇല്ലാത്ത വാതകമാണ് ആര്‍ഗണ്‍. ലോര്‍ഡ് റായ്‌ലീ, വില്യം റാംസെ എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ആര്‍ഗണ്‍ കണ്ടുപിടിച്ചത്. ഇന്‍കാന്‍ഡസെന്റ് വൈദ്യുത ബള്‍ബുകളില്‍ ആര്‍ഗണ്‍ ഉപയോഗപ്പെടുത്തുന്നു. മടിയന്‍ എന്നര്‍ഥമുള്ള ആര്‍ഗോസ് എന്ന വാക്കില്‍ നിന്നാണ് പേരിന്റെ ഉല്‍പ്പത്തി. രാസപ്രവര്‍ത്തനങ്ങളോട് ഈ വാതകം കാണിക്കുന്ന പ്രതികരണത്തില്‍ നിന്നാണ് ഈ പേര് രൂപപ്പെട്ടുവന്നത്.
ഉല്‍കൃഷ്ട വാതകങ്ങളില്‍ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമാണിത്. ഒരു ശതമാനത്തില്‍ താഴെയാണ് ആര്‍ഗണിന്റെ അളവ് . മുങ്ങല്‍വിദഗ്ധര്‍ക്കാവശ്യമായ സ്യൂട്ടുകളിലും വീഞ്ഞ് നിര്‍മാണം, പുരാതന രേഖകളുടെ സംരക്ഷണം എന്നിവയില്‍ ആര്‍ഗണ്‍ ഉപയോഗിക്കുന്നു. നീല ആര്‍ഗണ്‍ ലേസറുകള്‍ നേത്ര ശസ്ത്രക്രിയയിലും ദ്രാവക ആര്‍ഗണ്‍ കാന്‍സര്‍രോഗ ചികിത്സയിലും ഉപയോഗപ്പെടുത്തുന്നു.
ക്രിപ്‌റ്റോണ്‍
ആവര്‍ത്തന പട്ടികയിലെ ഒരു നിഷ്‌ക്രിയ വാതകമാണ് ക്രിപ്‌റ്റോണ്‍. യുറേനിയം ഫിഷനിലെ ഒരു ഉല്‍പന്നമാണ് ക്രിപ്‌റ്റോണ്‍. വില്യം റാംസെ, മോറിസ് ട്രാവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ മൂലകം കണ്ടെത്തിയത്. ഒളിച്ചിരിക്കുന്നവന്‍ എന്നര്‍ഥം വരുന്ന ക്രിപ്‌റ്റോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ക്രിപ്‌റ്റോണിന് പേരു ലഭിച്ചത്.ബള്‍ബുകളിലെ ധവള പ്രകാശത്തിനായി ഈ വാതകം ഉപയോഗിക്കുന്നു. ഇതിനാല്‍ തന്നെ ചില ഫോട്ടോഗ്രാഫിക് ഫ്‌ളാഷുകളില്‍ ക്രിപ്‌റ്റോണിനെ ഉപയോഗപ്പെടുത്താറുണ്ട്.
സെനോണ്‍
നിറവും മണവുമില്ലാത്ത ഭാരമേറിയ ഉല്‍കൃഷ്ട വാതകമാണ് സെനോണ്‍. റാംസെ, ട്രാവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ വാതകം കണ്ടെത്തിയത്. അപരിചിതന്‍ എന്നര്‍ഥമുള്ള ഗ്രീക്ക് പദമായ സെനോണില്‍ നിന്നാണ് വാക്കിന്റെ ഉല്‍പ്പത്തി. ആധുനിക സിനിമ പ്രൊജക്റ്ററുകളില്‍ സെനോണ്‍ ലാമ്പുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യകാലത്ത് അനസ്‌തേഷ്യയില്‍ ഈ വാതകം ഉപയോഗിച്ചിരുന്നു.
റഡോണ്‍
ആരോഗ്യത്തിനു ഹാനികരമായ വാതകമാണ് റഡോണ്‍. തോറിയം, യുറേനിയം എന്നീ മൂലകങ്ങളുടെ ശോഷണ ഫലമായുണ്ടാകുന്ന റേഡിയം എന്ന മൂലകത്തിന്റെ ശോഷണ ഫലമായാണ് റഡോണ്‍ ഉണ്ടാകുന്നത്. എഫ്. ഡോണ്‍ ആണ് ഈ വാതകം കണ്ടുപിടിച്ചത്. എന്നാല്‍ വില്യം റാംസെ, റോബര്‍ട്ട് വിറ്റലോ ഗ്രേ എന്നിവര്‍ ചേര്‍ന്നാണ് റഡോണ്‍ ആദ്യമായി വേര്‍തിരിച്ചെടുത്തത്. റേഡിയോ ആക്റ്റീവ് രംഗങ്ങളില്‍ ഈ വാതകം ഉപയോഗിക്കുന്നു. റേഡിയേഷന്‍ തെറാപ്പികളിലും ഉപയോഗപ്പെടുത്താറുണ്ട്.
രസതന്ത്രത്തിലെ ഉജ്ജ്വല കണ്ടുപിടിത്തം
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകമാണ് ഹൈഡ്രജന്‍. ഇവ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നു. ഹൈഡ്രജന്‍ കത്തിച്ചാല്‍ ജലം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗ്രീക്ക് ഭാഷയില്‍ ജലമുണ്ടാക്കുന്നത് എന്ന അര്‍ഥത്തില്‍ ഹൈഡ്രജന്‍ എന്ന പേരു നല്‍കിയത്. നിറമോ മണമോ രുചിയോ ഇല്ലാത്ത ഇവ രണ്ട് ആറ്റങ്ങള്‍ ചേര്‍ന്നിട്ടുള്ള തന്മാത്രകളായാണ് കാണപ്പെടുന്നത്.
1766ല്‍ ഇംഗ്ലീഷ് ഭൗതികജ്ഞനായ ഹെന്റി കാവന്‍ഡിഷ് ഹൈഡ്രജന്‍ വാതകം കണ്ടെത്തിയത് രസതന്ത്രത്തിലെ ഉജ്ജ്വല നേട്ടമായി കണക്കാക്കപ്പെടുന്നു. ഒരുപക്ഷേ അന്നു കാവന്‍ഡിഷ് ഹൈഡ്രജന്‍ വാതകം കണ്ടെത്തിയില്ലായിരുന്നെങ്കില്‍ രസതന്ത്രത്തിന്റെ വളര്‍ച്ച ദീര്‍ഘകാലം മന്ദീഭവിക്കുമായിരുന്നു. ഹൈഡ്രജന്‍ ഹീലിയമായി മാറുന്ന രാസപ്രവര്‍ത്തനമാണ് സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും സംഭവിക്കുന്നത്. ഇതാണ് അവയുടെ ഊര്‍ജോല്‍പാദനത്തിന്റെ രഹസ്യം.
മലിനീകരണമില്ലാത്തതിനാല്‍ തന്നെ ഹൈഡ്രജനെ വ്യാവസായിക ഇന്ധനമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും നടന്നുവരുന്നുണ്ട്. അതിനാല്‍ തന്നെ ഹൈഡ്രജന്‍ ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു.
വാതകങ്ങളുടെ നിയമങ്ങള്‍
വാതകങ്ങളുടെ സ്വാഭാവികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി നിരവധി വാതക നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. റോബര്‍ട്ട് ബോയില്‍ അവതരിപ്പിച്ച ബോയില്‍ നിയമം, ജാക്വസ് അലക്‌സാണ്ട്രെ ചാള്‍സിന്റെ ചാള്‍സ് നിയമം, ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ അമിഡിയോ അവൊഗാഡ്രോയുടെ അവൊഗാഡ്രോ നിയമം, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗേലൂസാക് ആവിഷ്‌കരിച്ച ഗേലൂസാക് നിയമം, തോമസ് ഗ്രഹാമിന്റെ ഡിഫ്യൂഷന്‍ നിയമം എന്നിവ ഈ പട്ടികയില്‍ വരുന്നു.
താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം മര്‍ദത്തിനു വിപരീത അനുപാതത്തിലായിരിക്കുമെന്നാണ് ബോയില്‍ നിയമം പ്രസ്താവിക്കുന്നത്. മര്‍ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്‌കെയിലിലെ താപനിലയ്ക്കു നേര്‍ അനുപാതത്തില്‍ ആയിരിക്കുമെന്നതാണ് ചാള്‍സ് നിയമത്തിന്റെ ഭാഷ്യം. സ്ഥിര താപനിലയിലും മര്‍ദത്തിലും എല്ലാ വാതകങ്ങളുടെയും തുല്യവ്യാപ്തത്തിലുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കുമെന്ന് അവൊഗാഡ്രോ നിയമം പറയുന്നു. വ്യാപ്തം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ മര്‍ദം അതിന്റെ താപനിലയ്ക്കു നേര്‍ അനുപാതത്തില്‍ ആയിരിക്കുമെന്നതാണ് ഗേലൂസാക് നിയമം. മര്‍ദവും താപനിലയും സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ ഡിഫ്യൂഷന്‍ നിരക്ക് അവയുടെ സാന്ദ്രതയുടെ വര്‍ഗമൂലത്തിന് വിപരീതമായിരിക്കുമെന്നതാണ് ഗ്രഹാം നിയമത്തിന്റെ അടിസ്ഥാനം.
വെല്‍ഡിങ് രംഗം
ലോഹങ്ങളെ വിളക്കി യോജിപ്പിക്കാന്‍ ഓക്‌സി അസറ്റിലിന്‍ പ്രൊസസിങ് ആണ് ഉപയോഗപ്പെടുത്തുന്നത്. ശുദ്ധമായ ഓക്‌സിജന്‍, അസറ്റിലീനുമായി ചേര്‍ത്താണ് ഈ പ്രക്രിയ നടത്തുന്നത്.
സൗരയൂഥത്തിലെ വാതകങ്ങള്‍
സൂര്യനില്‍ കൂടുതലായുള്ള വാതകം ഹൈഡ്രജനാണ്. ചൊവ്വയിലാകട്ടെ കാര്‍ബണ്‍ ഡയോക്‌സൈഡും. ശുക്രനില്‍ കാര്‍ബണ്‍ ഡയോക്‌സൈഡും നൈട്രജനും കാണപ്പെടുമ്പോള്‍ ശനിയില്‍ ഹൈഡ്രജനാണ് കൂടുതലായുമുള്ളത്. വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ സെനോണ്‍ ധാരാളമായി കണ്ടുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."