സബ്‌സിഡിക്ക് ആധാര്‍: സര്‍ക്കാരിന് ലാഭമുണ്ടായെന്ന് മോദി, കണക്കില്ല
ന്യൂഡല്‍ഹി: സബ്‌സിഡി ആധാറുമായും ബാങ്കുമായും ബന്ധിപ്പിച്ചു നല്‍കിയതിലൂടെ സര്‍ക്കാരിന് വന്‍ ലാഭമുണ്ടായെന്ന വാദവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല.
വെട്ടിക്കുറച്ച സബ്‌സിഡി കാര്യം പരാമര്‍ശിക്കാതെയാണ് അദ്ദേഹം സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതയെക്കുറിച്ച് വാചാലമായത്. അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതിക വിദ്യ എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കി. ഗുണമേന്മയോടുകൂടി സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ഭരണ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനും സാധിച്ചു.
സാങ്കേതിക രംഗത്തെ ശാക്തീകരണത്തിന് സര്‍ക്കാര്‍ എപ്പോഴും അതിന്റേതായ പ്രാധാന്യമാണ് നല്‍കുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവ സബ്‌സിഡിയിനത്തില്‍ ഉണ്ടാകുന്ന ചോര്‍ച്ച തടയാന്‍ പര്യാപ്തമാണ്. സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
120 രാജ്യങ്ങളിലെ 10,000 പ്രതിനിധികളാണ് ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."