'ധൂം 2' അനുകരിച്ച് മ്യൂസിയത്തില്‍ മോഷണ ശ്രമം; മൂന്നു പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ചിത്രം 'ധും 2' അനുകരിച്ച് മ്യൂസിയത്തില്‍ മോഷണം നടത്തിയ മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ദേശീയ കരകൗശല- കൈത്തറി മ്യൂസിയത്തിലെ രണ്ടു കോടിയോളം വിലവരുന്ന പഷ്മിന ഷോള്‍ മോഷ്ടിച്ചവരെയാണ് പൊലിസ് പിടിച്ചത്.
വിനയ് പര്‍മാര്‍ (28), തരുണ്‍ ഹര്‍വോദിയ(25), മുഹമ്മദ് ആദില്‍ ഷെയ്ഖ് (40) എന്നിവരാണ് പിടിയിലായത്. ഗവേഷണ വിദ്യാര്‍ഥികളാണെന്ന വ്യാജേന ദിവസങ്ങളോളം മ്യൂസിയത്തില്‍ ചുറ്റിക്കറങ്ങിയതിനു ശേഷമായിരുന്നു അതിവിദഗ്ദമായ മോഷണം. സംഭവ സമയം മ്യൂസിയത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് മോഷ്ടാക്കള്‍ക്ക് സഹായകരമായി.
ഒക്ടോബര്‍ 31നാണ് മോഷണ വിവരം പുറംലോകമറിയുന്നത്. ഒക്ടോബര്‍ 29,30 തീയതികളില്‍ മ്യൂസിയം അവധിയായിരുന്നു. തുടര്‍ന്ന് മ്യൂസിയം അധികൃതര്‍ പൊലിസിന് പരാതി നല്‍കുകയായിരുന്നു. 200-250 വര്‍ഷം പഴക്കമുള്ള 16 പഷ്മിന ഷാളുകള്‍ ആണ് മോഷ്ടിച്ചത്. ആദിലിനെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ചും മറ്റു രണ്ടു പേരെ നേരത്തെ കൊല്‍ക്കത്തയില്‍ വച്ചുമാണ് പൊലിസ് അറസ്റ്റു ചെയ്തത്.
ധൂം 2 കണ്ടതാണ് മോഷണത്തിന് പ്രചോദനമായതെന്ന് മൂവരും പൊലിസിനോട് പറഞ്ഞു. കശ്മീരില്‍ നിന്നും എത്തിച്ച പ്രത്യേകതയുള്ള പഷ്മിന ഷാളുകള്‍ക്ക് രണ്ടു കോടിയിലധികം വിപണി മൂല്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."