മോഷ്ടാവ് അറിയണം: നിങ്ങള്‍ കൊണ്ടുപോയത് അരുണിന്റെ ജീവിത സ്വപ്‌നങ്ങളാണ്...
ചെറുവത്തൂര്‍: യാത്രയ്ക്കിടയില്‍ നഷ്ടമായ ആ ബാഗിലുണ്ടായിരുന്നത് അരുണിന്റെ ജീവിതസ്വപ്‌നങ്ങളാണ്. രണ്ടു ദിവസമായി അന്വേഷിക്കാത്ത ഇടങ്ങളില്ല. ഉറക്കമില്ലാത്ത അലച്ചിലിനിടയിലും ബാഗ് കൊണ്ടുപോയ മോഷ്ടാവിന്റെ മനസില്‍ നന്മയുടെ ഒരു തരിയെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അരുണ്‍.
കാസര്‍കോട് ചെറുവത്തൂര്‍ കുന്നും കിണറ്റുകരയിലെ കൊടക്കാട് ഹൗസില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ ഫാര്‍മസിസ്റ്റാണ്. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് വിദേശത്ത് ഇതേ ജോലി തരപ്പെട്ടത്. വിസ സ്റ്റാംപിങ്ങിനായി തിരുവനന്തപുരത്തുപോയി മടങ്ങവെയാണ് പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും മോഷ്ടാവ് കൊണ്ടുപോയത്. ജനശതാബ്ദി എക്‌സ്പ്രസിലാണ് അരുണ്‍ തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയത്.
തലശേരിയില്‍ എത്തുംവരെ ബാഗ് അരികില്‍ തന്നെയുണ്ടായിരുന്നു. ഇതിനിടയില്‍ അല്‍പം മയങ്ങിപ്പോയി. കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിന്‍ ആയതിനാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ആരോ തട്ടി വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്. നോക്കിയപ്പോള്‍ ബാഗുകളില്ല. ഉടന്‍ റെയില്‍വേ പൊലിസിനെ വിവരമറിയിച്ചു. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ന് രാവിലെയുള്ള വിമാനത്തില്‍ പുതിയ ജീവിത സ്വപ്‌നങ്ങളുമായി പറക്കേണ്ടതായിരുന്നു. പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഫാര്‍മസിസ്റ്റ് കോഴ്‌സ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടമായ ബാഗിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."