സൂഫികളെയും സുന്നി വിശ്വാസികളെയും ലക്ഷ്യമിട്ട് ഭീകരര്‍; പ്രചോദനമായി സലഫി ആശയധാര
കെയ്‌റോ: ഈജിപ്തിലെ അല്‍ റൗദ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ അതിഭീകരമായ ആക്രമണത്തിനു പിന്നില്‍ സലഫി ആശയധാര പിന്തുടരുന്ന ഭീകരസംഘങ്ങളെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി സീനാ പ്രവിശ്യയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐ.എസിന്റെ പ്രാദേശിക ഘടകമാണു സംഭവത്തിനു പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, അല്‍ഖാഇദയുടെ ഘടകമായിരുന്ന അന്‍സാര്‍ ബൈത്തുല്‍മഖ്ദിസ് തന്നെയാണു സംഭവത്തില്‍ സംശയത്തിന്റെ നിഴലിലുള്ളത്. 2011 മുതല്‍ അല്‍ഖാഇദയില്‍നിന്നു വേര്‍പ്പെട്ട് ഐ.എസുമായി ചേര്‍ന്നാണു സംഘം പ്രവര്‍ത്തിക്കുന്നത്. അക്രമികള്‍ ഐ.എസിന്റെ കറുത്ത നിറത്തിലുള്ള കൊടി പിടിച്ചിരുന്നെന്നും 'അല്ലാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ മുഴക്കിയിരുന്നതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂഫി പണ്ഡിതരെയും അവരുടെ അന്ത്യവിശ്രമകേന്ദ്രങ്ങളായ മഖ്ബറകളെയും ആദരിക്കുന്നവരാണ് പള്ളിയിലെത്തിയ വിശ്വാസികളെന്നതാണ് ഭീകരര്‍ ഇവിടെ ലക്ഷ്യമിടാന്‍ കാരണമെന്ന് അല്‍ അഹ്‌റാം, ഈജിപ്ത്യന്‍ സ്ട്രീറ്റ് അടക്കമുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് നബിയുടെ ജന്മദിന മാസമായ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതാണു ഭീകരരെ ചൊടിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്. ഇത്തരത്തില്‍, ഈജിപ്ത്യന്‍ പണ്ഡിതര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു കഴിഞ്ഞു.
സംഭവത്തെ ലോകത്തെ തന്നെ മുന്‍നിര സുന്നി മതവിദ്യാഭ്യാസ കേന്ദ്രമായ അല്‍ അസ്ഹര്‍ അധികൃതര്‍ ശക്തമായി അപലപിച്ചു. നേരത്തെ ചര്‍ച്ചുകളെ ലക്ഷ്യം വച്ച ഭീകരര്‍ ഇപ്പോള്‍ മുസ്‌ലിം പള്ളികളിലുമെത്തിയിരിക്കുന്നുവെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ ത്വയ്യിബ് പറഞ്ഞു.
കൃത്യം ഒരു വര്‍ഷം മുന്‍പ് സീനായില്‍ 100 വയസുള്ള സൂഫി ഗുരുവായ ശൈഖ് സുലൈമാന്‍ അബു ഹറാസിനെയും ശിഷ്യനെയും അല്‍ അന്‍സാര്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. മന്ത്രമടക്കമുള്ള സുന്നി വിശ്വാസകര്‍മങ്ങള്‍ നിര്‍വഹിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു സംഘം ഇരുവരുടെയും തലയറുത്തത്. ഇതിനുപിറകെ, സൂഫി വിശ്വാസധാരകളെ പിന്തുടര്‍ന്നാല്‍ ഇതേ സ്ഥിതി തന്നെ എല്ലാവരും നേരിടേണ്ടിവരുമെന്ന് സീനായിലെ ജനങ്ങള്‍ക്കു സംഘം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഐ.എസ് പ്രാദേശിക ഘടകത്തിന്റെ വാര്‍ത്താപത്രികയായ അല്‍ നബഇലൂടെയായിരുന്നു ഈ ഭീഷണി. സീനായിലോ ഈജിപ്തിലോ ഒരിടത്തും തന്നെ സൂഫി സരണികളെ വച്ചുപൊറുപ്പിക്കില്ലെന്ന് സീനായിലും പുറത്തും താമസിക്കുന്ന സൂഫികളെയും അവരുടെ അനുയായികളെയും അറിയിക്കുകയാണെന്നും അന്ന് വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൂഫി വിശ്വാസധാരകളെ പിന്തുടരുന്ന സുന്നി സമൂഹമാണ് സീനാ പ്രവിശ്യയില്‍ കൂടുതലുമുള്ളത്. ഇവിടെ വര്‍ഷങ്ങളായി അന്‍സാറിന്റെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സഊദി കേന്ദ്രമായുള്ള സലഫി ആശയധാര പിന്തുടരുന്ന സംഘം സൂഫികളെ അവിശ്വാസികളും ബഹുദൈവാരാധകരുമായാണു കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."