ആധാര്‍ മൊബൈലുമായി ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്
ആധാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പലരും ലാഘവത്തോടെയാണ് കാണുന്നത്. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം സാധാരണക്കാരെ വട്ടം കറക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു വ്യക്തമായ നയമില്ലാത്തതാണ് പ്രശ്‌നം. ചില നമ്പറുകളില്‍ ആധാര്‍ ബന്ധിപ്പിക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതികളില്‍ കൂടി ലഭിക്കുന്ന തുച്ഛവരുമാനം മൊബൈല്‍ കമ്പനിയുടെ പേയ്‌മെന്റിലേക്ക് പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.വിവിധയിനം സബ്‌സിഡികള്‍ മൊബൈല്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകുന്നതായും തീര്‍ച്ചപ്പെടുത്തിയ ബാങ്കുകളിലേക്ക് എത്തുന്നില്ലെന്നും പരാതിയുണ്ട്. പക്ഷേ സബ്‌സിഡി ഏതെങ്കിലും ബാങ്കിലേക്കു ചെന്നിട്ടുണ്ടാവും. ഏത് ബാങ്കെന്നും എവിടെയുള്ള ബാങ്കെന്നുമൊക്കെ അന്വേഷിച്ച് കണ്ടെത്തിയിട്ട് അരിയും മരുന്നുമൊക്കെ വാങ്ങിയാല്‍ മതിയെന്നാണോ സര്‍ക്കാര്‍ പറയുന്നത് .
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ചില സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതായി പരാതി നേരത്തേ ഉയര്‍ന്നതാണ്. ഇപ്പോള്‍ ധാരാളം അനുഭവസ്ഥര്‍ പരാതിയുമായി എത്തുന്നു.മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുറക്കുന്നുവെന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്നുതന്നെയാണര്‍ഥം.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തിലാണു നല്‍കുന്നത്.അതു ബന്ധപ്പെട്ട വ്യക്തിക്ക് ഇഷ്ടമുള്ളിടത്തു നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള സൗകര്യമുണ്ടാവണം. തുച്ഛമായ തുക കിട്ടുന്നവര്‍ അതു കൂട്ടിവയ്ക്കാനല്ല, വീട്ടുകാര്യങ്ങള്‍ നടത്താനോ മരുന്നു വാങ്ങാനോ ഒക്കെ ഉപയോഗിക്കാനാണു താത്പര്യപ്പെടുക. അതിനാല്‍ എളുപ്പത്തില്‍ അത് എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. സ്വന്തം സൗകര്യമനുസരിച്ച് ഉപഭോക്താക്കള്‍ ബാങ്ക് തെരഞ്ഞെടുക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കു നിഷേധിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."