സൗന്ദര്യവര്‍ധക വസ്തു വിപണിയ്ക്ക് കടിഞ്ഞാണിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക വസ്തുക്കളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനികരമാവുന്ന വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടപടി തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി കമ്പനികള്‍ രാജ്യത്ത് വന്‍തോതില്‍ ഫെയര്‍നെസ് ക്രീമുകള്‍ വിറ്റഴിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം വസ്തുക്കളെ നിയന്ത്രിക്കണമെന്ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് എം.പി വിപ്ലവ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തിന് ഹാനികരമാവുന്ന കോര്‍ട്ടികോസ്‌റ്റെറോയ്‌ഡെന്ന ഹോര്‍മോണിന്റെ സാന്നിധ്യം ഈ ക്രീമുകളിലുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഫെയര്‍നെസ് ക്രീമുകളെ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ത്വക്‌രോഗ വിദഗ്ധര്‍, ലൈംഗികരോഗ വിദഗ്ധര്‍, കുഷ്ഠരോഗ വിദഗ്ധര്‍ എന്നിവരുടെ സംഘടനകള്‍ സംയുക്തമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം ക്രീമുകള്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് ഗൗരവപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഫെയര്‍നെസ് ക്രീമുകളിലെല്ലാം കോര്‍ട്ടികോസ്‌റ്റെറോയ്ഡ് ഉപയോഗിക്കുന്നുണ്ട്. മുഖചര്‍മ്മം ചുവപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കും സമാനമായ പ്രശ്‌നമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖത്തെ രോമവളര്‍ച്ച തടയുക, മിനുസമുള്ളതാക്കുക തുടങ്ങിയവയ്ക്കായുള്ള രാസവസ്തുക്കളിലും അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
ഫെയര്‍നെസ് ക്രീമുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഫാര്‍മാകോവിജിലന്‍സ് പ്രൊഗ്രാം ഓഫ് ഇന്ത്യ പ്രത്യേക പഠനം നടത്തും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതി തയാറാക്കുന്നതെന്നും നിലവിലുള്ള നിയമത്തില്‍ അതിനായുള്ള ദേദഗതികള്‍ കൊണ്ടുവരുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. ജി.എന്‍ സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."