തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് ബലപരീക്ഷണം
തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പാര്‍ട്ടികളുടെ ബലപരീക്ഷണത്തിനു കളമൊരുങ്ങി. ഭരണകക്ഷിക്കു ജയപരാജയങ്ങള്‍ നിര്‍ണായകമാണ്. ജയലളിതയുടെ മണ്ഡലമെന്ന പേരില്‍ പ്രസിദ്ധമായ ആര്‍.കെ നഗറില്‍ ജയത്തിനുവേണ്ടിത്തന്നെയാവും എടപ്പാടി പളനിസ്വാമിയുടെയും ഒ.പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എ.ഐ.ഡി.എം.കെ രംഗത്തിറങ്ങുക.
പരാജയം അവര്‍ തമ്മിലുള്ള ഐക്യത്തെപ്പോലും ബാധിച്ചേക്കും. അതേസമയം, ശശികല ജയിലിലായിരിക്കെ അനന്തരവന്‍ ടി.ടി.വി ദിനകരനാണു ജയലളിതയുടെ പിന്മുറക്കാരനാകാന്‍ അങ്കത്തട്ടിലുള്ളത്. പാര്‍ട്ടികള്‍ തമ്മിലുള്ള ബലപരീക്ഷണത്തേക്കാള്‍ ശശികലപക്ഷവും എ.ഐ.എ.ഡി.എം.കെയുടെ ഭരണപക്ഷവും തമ്മിലാണു മത്സരം. കടുത്ത ശത്രുതയിലുള്ളവര്‍ മത്സരിക്കുന്നതു തമിഴകത്തു തീപ്പൊരിയാകും. മുമ്പ് ഇത്തരത്തില്‍, രാഷ്ട്രീയത്തേക്കാളേറെ വ്യക്തിവിരോധം കത്തിനിന്ന തെരഞ്ഞെടുപ്പുമത്സരം നടന്നതു ജയലളിതയും കരുണാനിധിയും തമ്മിലായിരുന്നു.
വി.ഐ.പി മണ്ഡലം
ഡിസംബര്‍ 21 നാണ് ആര്‍.കെ നഗര്‍ എന്ന ഡോ. രാധാകൃഷ്ണനഗറിലെ ഉപതെരഞ്ഞെടുപ്പ്. 24 നാണു ഫലപ്രഖ്യാപനം. ജയലളിത മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. ഈ വര്‍ഷം ഏപ്രിലില്‍ തെരഞ്ഞെടുപ്പു പ്രക്രിയകളുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍ മുന്നോട്ടുപോയിരുന്നു. വോട്ടര്‍മാര്‍ക്കു വ്യാപകമായി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതായും ഇതു സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് അനുകൂലമല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയും പിന്നീടു റദ്ദാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇപ്പോഴാണു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അനധികൃതമായി വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തിയെന്നും മറ്റും ഉയര്‍ന്ന പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തിരുന്നു. ഇതനുസരിച്ച് 45,889 വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ അവര്‍ തീരുമാനിച്ചതോടെയാണ് ഈ മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്. 2015 ജൂണിലായിരുന്നു അത്. തുടര്‍ന്ന് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും ജയലളിത ഈ മണ്ഡലത്തില്‍നിന്നു ജനവിധി തേടി. മണ്ഡലത്തിന്റെ 40 വര്‍ഷ ചരിത്രത്തില്‍ 11 തവണ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഏഴിലും ജയിച്ചത് എ.ഐ.എ.ഡി.എം.കെയായിരുന്നു.
എ.ഐ.ഡി.എം.കെ ഒരുപടി മുന്നില്‍
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ച ആഹ്ലാദത്തിലാണു ഭരണപക്ഷത്തുള്ളവര്‍. ഈ വര്‍ഷം ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി രംഗത്തിറക്കിയ ഇ. മധുസൂദനന്‍ ഇവിടെ വീണ്ടും മത്സരിക്കുമെന്നാണു കരുതുന്നത്.
ശശികലപക്ഷവും ദിനകരനും
ജയലളിതയുടെ സന്തതസഹചാരിയായിരുന്ന, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശശികല ഉറ്റുനോക്കിയിരുന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ എങ്ങനെയും ഈ മണ്ഡലത്തില്‍ ജയിച്ചുകയറേണ്ടത് ശശികലപക്ഷത്തിന്റെ ആവശ്യവുമാണ്. ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരനാണ് ഇവിടെ മത്സരിക്കുക. ഈ വര്‍ഷം ഏപ്രിലില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴും ദിനകരന്‍ പത്രിക നല്‍കിയിരുന്നു.
ഇയാളുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്തതായി ആരോപണമുയര്‍ന്നതു വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മുന്‍ ആരോഗ്യമന്ത്രിയും ശശികലപക്ഷക്കാരനുമായിരുന്ന വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വോട്ടര്‍മാര്‍ക്കു നാലായിരം രൂപവച്ചു വിതരണംചെയ്യാന്‍ സൂക്ഷിച്ച 89 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ അന്വേഷണം തുടരുകയാണ്.
കരുത്തുകാട്ടാന്‍ ഡി.എം.കെ
ജയലളിതയില്ലാത്ത എ.ഐ.എ.ഡി.എം.കെയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ അതു വല്ലാത്ത നാണക്കേടാകുമെന്നു ഡി.എം.കെയ്ക്ക് അറിയാം. മരുത് ഗണേഷാണ് ഇവിടെ ഡി.എം.കെ സ്ഥാനാര്‍ഥി. ജയലളിതയുടെ പാര്‍ട്ടി ശശികലപക്ഷമായും പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷമായും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ജയം നേടാമെന്നാണു ഡി.എം.കെ കരുതുന്നത്.
ഭരണകക്ഷിക്കെതിരേ ഡി.എം.കെയോടു സഹകരിച്ചു സമരരംഗത്തുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുകയാണ്. ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണു കോണ്‍ഗ്രസ് തീരുമാനം. വിടുതലൈ ചിരുട്ടൈ കക്ഷി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികളും ഡി.എം.കെയ്ക്ക് ഒപ്പമുണ്ട്.
ബി.ജെ.പിയും സി.പി.എമ്മും
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സംഗീതസംവിധായകന്‍ ഇളയരാജയുടെ അനുജന്‍ ഗംഗൈ അമരനെ രംഗത്തിറക്കിയ ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനില്ല. ഭരണകക്ഷിയെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടിലാണു പാര്‍ട്ടി. ഏപ്രിലില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സി.പി.എം പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുമോയെന്നു വരും നാളുകളിലേ അറിയാനാവൂ.
കമലും ദീപയും
പുതിയ പാര്‍ട്ടി രൂപീകരിച്ചു രംഗത്തിറങ്ങുമെന്നു പ്രഖ്യാപിച്ച ിയ സിനിമാതാരം കമല്‍ഹാസന്‍ ഇത്തവണ ഉചിതമായ ആള്‍ക്കു വോട്ടു ചെയ്യുകയെന്ന ആഹ്വാനത്തിലൊതുങ്ങിയേക്കും. ജയലളിതയുടെ അനന്തിരവള്‍ ദീപ, ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിലേയ്ക്കു പത്രിക നല്‍കിയിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ അവരുടെ നിലപാടു വരാനിരിക്കുന്നതേയുള്ളൂ. നാം തമിഴര്‍ കക്ഷിയും ഡി.എം.ഡി.കെ കക്ഷികളും നിലപാടുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
രജനി വരുമോ
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉടനെ തെരഞ്ഞെടുപ്പു രംഗത്തേയ്ക്കും രാഷ്ട്രീയരംഗത്തേയ്ക്കുമില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലാണ്. ഡിസംബര്‍ 12 നു രജനീകാന്ത് പിറന്നാളാഘോഷിക്കുകയാണ്. അന്ന് അദ്ദേഹം രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. രജനീകാന്തിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നു കമലഹാസന്‍ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കമല്‍ഹാസന്‍ ഇടതുചായ്‌വു വെളിവാക്കിയപ്പോള്‍ രജനി ഇടത്തേയ്ക്കും വലത്തേയ്ക്കും ചായാതെ മധ്യനിലപാടു സ്വീകരിക്കാനാണു സാധ്യതയെന്നാണു വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."