ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരേയുള്ള പുതുവൈപ്പ് സമരസമിതിയുടെ അപ്പീല്‍ തള്ളി
കൊച്ചി : പുതുവൈപ്പിലെ ഐ.ഒ.സി പാചകവാതക ഇറക്കുമതി ടെര്‍മിനലിന് പരിസ്ഥിതി ക്ലിയറന്‍സ് നീട്ടി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍.പി.ജി വിരുദ്ധ സമിതി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി.
നേരത്തെ ഐ.ഒ.സി.എല്ലിന് പ്രസ്തുത പദ്ധതിക്കുവേണ്ടി എന്‍വയണ്‍മെന്റ് ക്ലിയറന്‍സ് (ഇ.സി) മൂന്നു കൊല്ലത്തേക്ക് നീട്ടി കിട്ടിയിരുന്നു. തുടര്‍ച്ചയായ സമരം മൂലം നിശ്ചിത ഇ.സി കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നതിനാലാണ് പരിസ്ഥിതി ക്ലിയറന്‍സ് മൂന്നു കൊല്ലത്തേക്ക് നീട്ടിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ സമരസമിതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇതിനു നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. സമരസമിതിയുടെ അഭിഭാഷകന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് അസാധു ആക്കണമെന്ന് വാദിച്ചെങ്കിലും പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനായില്ല.
കേസിന്റെ വസ്തുതകള്‍ സമഗ്രമായി പരിശോധിച്ചശേഷമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചതെന്നും ഐ.ഒ.സി.എല്‍ വ്യക്തമാക്കി. പദ്ധതിയുടെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത്, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഐ.ഒ.സി.എല്ലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. 2017 ഫെബ്രുവരിക്കുശേഷം പദ്ധതി പ്രദേശത്ത് ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതു മാസമായി പുതുവൈപ്പ് ഐ.ഒ.സി പാചക വാതക ഇറക്കുമതി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സമരം മൂലമുള്ള കാലതാമസം വഴി പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം.
സംസ്ഥാനത്തെ പാചകവാതക ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ മംഗലാപുരം ഇറക്കുമതി ടെര്‍മിനലിനെയാണ് ആശ്രയിക്കുന്നത്. ബള്‍ക്ക് എല്‍.പി.ജി ടാങ്കര്‍ ലോറികള്‍ വഴിയാണ് ഇത് നിര്‍വഹിക്കുന്നത്. പുതുവൈപ്പ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുമ്പോള്‍ റോഡുവഴിയുള്ള ചരക്കുനീക്കം കുറയ്ക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും കഴിയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."