സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസ് പരിഗണിച്ച സി.ബി.ഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെ കേസിന്റെ വിചാരണ മുംബൈയില്‍ തുടങ്ങി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ തുടങ്ങിയ വിചാരണാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി.
അടുത്ത ഉത്തരവുണ്ടാവുന്നതുവരെയാണ് വിലക്കെന്നും പ്രതിഭാഗം അഭിഭാഷകരുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടിയെന്നും സി.ബി.ഐ അറിയിച്ചു. വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇരുവിഭാഗത്തെയും അഭിഭാഷകരുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കേസ് ഇതിനു മുമ്പ് തെറ്റായിട്ടാണ് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഇത് ജഡ്ജി സുനില്‍കുമാര്‍ ശര്‍മ അംഗീകരിക്കുകയായിരുന്നു.
കേസില്‍ ആകെ 22 പ്രതികളാണുള്ളത്. ഇതില്‍ 16 പ്രതികള്‍ക്കെതിരേയും കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ക്രിമിനല്‍ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ (ഐ.പി.സി) വിവിധവകുപ്പുകളും ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും പ്രകാരമാണ് കുറ്റംചുമത്തിയത്. 16 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റം ചുമത്തിയതെന്നും ബാക്കിയുള്ളവരുടെ ഹരജികള്‍ മേല്‍ക്കോടതി മുമ്പാകെ ഉള്ളതിനാല്‍ അവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്. സുഹ്‌റബുദ്ദീന്റെ സഹോദരന്‍ നയീമുദ്ദീന്‍ ഉള്‍പ്പെടെ 20 പ്രോസികൂഷന്‍ സാക്ഷികളാണ് കേസിലുള്ളത്. ഇവരോട് ഇന്നലെ ഹാജരാവണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതി നേരത്തെ നോട്ടീസയച്ചിരുന്നുവെങ്കിലും ഇവരില്‍ എല്ലാവരും ഇന്നലെ ഹാജരായില്ല.
2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറേ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് കേസ്. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ പ്രജാപതിയെ അടുത്തവര്‍ഷവും വെടിവച്ചുകൊന്നു.
ഈ രണ്ടുകേസും ഒന്നിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസില്‍ 2013ല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള 18 പേര്‍ക്കെതിരേ സി.ബി.ഐ കുറ്റംചുമത്തിയിരുന്നു. അമിത്ഷായെക്കൂടാതെ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ, രാജസ്ഥാന്‍ സ്വദേശിയായ വ്യവസായി വിമല്‍ പത്‌നി, ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡ്യ അഡീഷനല്‍ ഡി.ജി.പി ഗീതാ ജോഹ്രി, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ നരേന്ദ്രകുമാര്‍ അമിന്‍, അഭയയ്ചുദാസമ, രാജ്കുമാര്‍ പാണ്ഡ്യന്‍, എന്‍. ബാലസുബ്രഹ്മണ്യം, ദിനേഷ് എം.എന്‍, ഡി.ജി വന്‍സാര തുടങ്ങിയവരും പ്രതികളായിരുന്നുവെങ്കിലും ഇവരെയെല്ലാം പലപ്പോഴായി സി.ബി.ഐ കുറ്റവിമുക്തരാക്കി.
കേസില്‍ നേരത്തെ വാദംകേള്‍ക്കുകയും അമിത് ഷായോട് ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്ത ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ചു പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കെയാണ് ഇന്നലെ വിചാരണ തുടങ്ങിയത്. ഹൃദയാഘാതമാണു ലോയയുടെ മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണ് ദുരൂഹതയ്ക്കിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉള്‍പ്പെടെ ഒട്ടേറെ ചോദ്യങ്ങള്‍ ലോയയുടെ അച്ഛനും സഹോദരങ്ങളും കാരവന്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ ഉന്നയിച്ചതോടെ ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും സഹോദരി വെളിപ്പെടുത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."