തിക്കോടി-ആവിപ്പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിലെ കുരുക്കഴിയുന്നു പ്രശ്‌നപരിഹാരത്തിനു ജനകീയ കൂട്ടായ്മ രൂപീകരിച്ചു
പയ്യോളി: വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിക്കോടി-ആവിപ്പാലം അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാക്കുന്നതിനു ജനകീയ കൂട്ടായ്മ രൂപീകരിച്ചു. തിക്കോടി പഞ്ചായത്ത് ഹാളില്‍ കെ. ദാസന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം റോഡ് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനും അനുരജ്ഞനത്തിലൂടെ പരിഹാരം കാണാനും തീരുമാനിച്ചു.
1995ല്‍ അന്നത്തെ പൊതുമരാമത്തു വകുപ്പു മന്ത്രി പി.കെ.കെ ബാവയാണു പാലത്തിനു തറക്കല്ലിട്ടത്. 27 ലക്ഷം രൂപയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ് തുക. പിന്നീട് ഒരു കോടി നാലു ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണു നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ട് പത്തു വര്‍ഷം തികഞ്ഞെങ്കിലും സ്വകാര്യവ്യക്തിയുടെ തര്‍ക്കം കാരണം പാലത്തിന്റെ വടക്കു ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മാണം തടസപ്പെടുകയായിരുന്നു.
തിക്കോടി പഞ്ചായത്താണ് റോഡ് സംബന്ധമായ കേസ് ഏറ്റെടുത്തു നടത്തി വന്നിരുന്നത്. രണ്ടു കോടതി വിധികളും പഞ്ചായത്തിന് അനുകൂലമായിരുന്നു. കാപ്പാട് മുതല്‍ കോട്ടക്കല്‍ വരെയുള്ള തീരദേശ റോഡിന്റെ പൂര്‍ത്തീകരണത്തിനും തടസമായിരുന്നത് ആവിപ്പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയാവാത്തതായിരുന്നു. ടൂറിസത്തിന് ഏറെ സാധ്യതകളുള്ള തിക്കോടിയില്‍ ആവിപ്പാലം യാഥാര്‍ഥ്യമാക്കുന്നതിന് ഒടുവില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു.
തിക്കോടി പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് എം.കെ പ്രേമന്‍, വൈസ് പ്രസിഡന്റ് രമ ചെറുകുറ്റി, വാര്‍ഡ് അംഗം ടി. ഖാലിദ്, ബ്ലോക്ക് അംഗം പ്രേമ ബാലകൃഷ്ണന്‍, സുരേഷ് ചങ്ങാടത്ത്, രാജീവന്‍ കൊടലൂര്‍, എന്‍.കെ കുഞ്ഞബ്ദുല്ല, കരിണായരക്കല്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."