ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചു; മാതൃകയായി കുമ്മങ്കോട്ടുകാര്‍
നാദാപുരം: അക്രമത്തിനിടക്ക് അയല്‍പക്കത്തെ വീടുകള്‍ക്കു കാവലിരുന്ന് കുമ്മങ്കോട്ടുകാര്‍ മാതൃകയായി. കഴിഞ്ഞ ദിവസം തൂണേരി സംഘര്‍ഷത്തിനിടക്ക് കുമ്മങ്കോട്ട് വീടുകള്‍ ആക്രമിക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ ഒന്നിച്ച് അടിച്ചോടിച്ചിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തമാണു പ്രദേശത്ത് ഒഴിവായത്.
സംഭവം നടന്ന ഉടന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു സംഭവത്തെ അപലപിക്കുകയും അക്രമം മറ്റു സ്ഥലങ്ങളിലേക്കു പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്തു. കൂടാതെ അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. ഷിബിന്‍ വധത്തിനു ശേഷം പ്രദേശത്തു രൂപംകൊണ്ട ജനകീയ കൂട്ടായ്മയാണ് അക്രമത്തിനെതിരേ നാട്ടുകാരെ ഒന്നിപ്പിച്ചത്. അക്രമികളെ തുരത്തുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, സി.എച്ച് മോഹനന്‍, സി.പി അബ്ദുല്‍ സലാം, കരയത്ത് കുഞ്ഞബ്ദുല്ല ഹാജി, അഡ്വ. സി. ഫൈസല്‍, സി.വി ഹമീദ്, ആര്‍.കെ ഹമീദ്, കെ.കെ കുഞ്ഞബ്ദുല്ല, തൊടുവയില്‍ മമ്മു, ടി. ബാബു എന്നിവരാണു അക്രമികളെ തടയാന്‍ മുന്നിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."