പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; 24 നേതാക്കളെ ബി.ജെ.പി പുറത്താക്കി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അതിതീവ്രമായ അവസ്ഥയില്‍ നിലനില്‍ക്കേ, ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി വിമതര്‍ ശക്തിപ്രാപിക്കുന്നു.
പ്രചാരണ രംഗത്ത് മേല്‍കൈ നേടിയ കോണ്‍ഗ്രസിനെ തടയാന്‍ ശ്രമം നടക്കുന്നതിനിടയില്‍ ബി.ജെ.പിയെ അലട്ടി വിമതര്‍ രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്നലെ 24 നേതാക്കളെയാണ് പാര്‍ട്ടി നേതൃത്വം പുറത്താക്കിയത്. മുന്‍ എം.പി പ്രഭാത് സിങ് സോളങ്കി, കന്യാപട്ടേല്‍, ബിമല്‍ ഷാ അടക്കമുള്ള പ്രമുഖരെയാണ് പാര്‍ട്ടിയില്‍ നിന്ന് വിമതപ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയത്.
നവ്‌സാരി, സൂറത്ത്, ഭറൂച്ച്, ജാംനഗര്‍, ദേവ് ഭൂമി ദ്വാരക, മോര്‍ബി, ഗീര്‍, അമ്‌റേലി, ഭാവ്‌നഗര്‍, പലിത്താന, പഞ്ച്മഹല്‍, ദഹോദ്, ഖേദ്ര, അഹമ്മദാബാദ്, ഗാന്ധിനഗര്‍, പത്താന്‍, മഹിസാഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്ളവരാണ് നടപടിക്ക് വിധേയരായ നേതാക്കള്‍.
അതേസമയം ഈ നേതാക്കാളെ പുറത്താക്കിയത് പ്രത്യേക കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ഇതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ഫലമെന്നും കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് വിമത ശബ്ദം ഇല്ലാതാക്കാനായി 24 പേരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് നേതൃത്വം നടപടിസ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."