ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2018: ജര്‍മനിക്കും ബ്രസീലിനും അര്‍ജന്റീനയ്ക്കും ആദ്യ റൗണ്ട് എളുപ്പം
മോസ്ക്കോ: അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിനുള്ള ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കിയാണ് വിഭജിച്ചത്. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍. യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍, മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന്, ആഫ്രിക്കന്‍ ശക്തികളായ മൊറാക്കോ, ഏഷ്യന്‍ കരുത്തരായ ഇറാന് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയാണ് 'മരണ ഗ്രൂപ്പ് '. നിലവിലെ ലോക ചാംപ്യന്മാരായ ജര്‍മനി, മുന്‍ ചാംപ്യന്മാരായ ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറേ എളുപ്പമാണ്. നാല് ടീമുകള്‍ക്കും ദുര്‍ബല എതിരാളികളെയാണ് ലഭിച്ചത്. ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകള്‍ ഒരേ ഗ്രൂപ്പിലാണ്.
2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലെ 12 നഗരങ്ങളിലായാണ് ലോക ഫുട്ബോള്‍ മാമാങ്കം അരങ്ങേറുന്നത്. ജൂണ്‍ 14ന് അരങ്ങേറുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ ഏഷ്യന്‍ കരുത്തരായ സഊദി അറേബ്യയുമായി ഏറ്റുമുട്ടും. മരണ ഗ്രൂപ്പായ ബിയിലെ കടുത്ത പോരാട്ടം ജൂണ്‍ 15ന് കാണാം. അന്ന് പോര്‍ച്ചുഗല്‍- സ്പെയിന് പോരാട്ടം അരങ്ങേറും. അര്‍ജന്റീനയുടെ ആദ്യ പോരാട്ടം കന്നി ലോകകപ്പിനെത്തുന്ന ഐസ്ലന്‍ഡുമായാണ്.
ജൂണ്‍ 16നാണ് അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നത്. ബ്രസീല്‍ ജൂണ്‍ 17ന് ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി ഏറ്റുമുട്ടും. അന്ന് ലോക ചാംപ്യന്മാരായ ജര്‍മനിയും ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. മെക്സിക്കോയാണ് എതിരാളികള്‍. ഗ്രൂപ്പ് ജിയിലെ ശക്തരായ എതിരാളികള്‍ ഇംഗ്ലണ്ടും ബെല്‍ജിയവും ജൂണ്‍ 28ന് നേര്‍ക്കുനേര്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."