സിറിയന്‍ സൈനികതാവളത്തിനുനേരെ ഇസ്റാഈല്‍ മിസൈല്‍ ആക്രമണം
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെ സൈനിക താവളത്തിനു നേരെ ഇസ്റാഈലിന്റെ മിസൈല്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്. സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ദമസ്കസിന്റെ തെക്കു ഭാഗത്തുള്ള അല്‍ കിസ്വയിലാണ് ആക്രമണമുണ്ടായത്. രണ്ട് ഇസ്റാഈല്‍ മിസൈലുകള്‍ തകര്‍ത്തതായി 'സന' അവകാശപ്പെട്ടു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, സൈനികതാവളത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി വിവരമുണ്ട്. സിറിയന്‍ സൈന്യത്തിന്റെ ആയുധശേഖരം ആക്രമണത്തില്‍ തകര്‍ന്നതായി ബ്രിട്ടന് കേന്ദ്രമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ തലവന്‍ റാമി അബ്ദുറഹ്മാന് പറഞ്ഞു.
ഇസ്റാഈല്‍ സൈന്യം ഇതുവരെ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതികരിക്കാന്‍ സൈനിക വക്താവ് വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈയാഴ്ച ഇതിനുമുന്‍പും ഇസ്റാഈല്‍ സൈന്യം ദമസ്കസിനു നേരെ ആക്രമണം നടത്തിയതായി ബ്രിട്ടന് കേന്ദ്രമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ആരോപിച്ചിരുന്നു. സിറിയയുടെ സഖ്യകക്ഷിയായ ഹിസ്ബുല്ലയ്ക്ക് ആയുധം കൈമാറുന്നതു തടയാനാണ് ഇസ്റാഈലിന്റെ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ദമസ്കസിനടുത്ത് ഇറാന് സൈനിക താവളം നിര്‍മിക്കുന്നുണ്ടെന്നും ഇത് തങ്ങള്‍ അംഗീകരിക്കില്ലെന്നും നേരത്തേ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."