ഉ. കൊറിയക്കെതിരേ മുന്നൊരുക്കവുമായി യു.എസ്; ഹവായിയില്‍ ആക്രമണ അപായമണി പുനഃസ്ഥാപിച്ചു
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ആക്രമണത്തെ നേരിടാന്‍ തയാറെടുപ്പുമായി അമേരിക്ക. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഹവായി ദ്വീപിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി തയാറാക്കിയ ആക്രമണ അപായമണി ഇന്നലെ ഹവായി അധികൃതര്‍ പരീക്ഷിച്ചു.
ശീതയുദ്ധത്തിനുശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്തരത്തിലൊരു മുന്നൊരുക്കം നടത്തുന്നത്. ആണവാക്രമണമുണ്ടായാല്‍ ജനങ്ങളെ അറിയിക്കാനാണ് അപായമണി ഒരുക്കിയിരിക്കുന്നത്. ഹവായി ദ്വീപ് വരെ എത്തുന്ന ആണവ- മിസൈല്‍ ആയുധങ്ങള്‍ വികസിപ്പിച്ചതായി ഉ.കൊറിയ നിരന്തരം ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണു പ്രതിരോധ നീക്കവുമായി അമേരിക്ക മുന്നോട്ടുപോകുന്നത്.
പ്യോങ്യാങ്ങില്‍നിന്നു വിക്ഷേപിച്ച് 20 മിനിറ്റിനകം ഹവായിയില്‍ പതിക്കുന്നതാണ് ഈ മിസൈല്‍.
ആണവാക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക നിര്‍ദേശവും സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ 15 മിനിറ്റിനകം സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നാണു നിര്‍ദേശം. 1980കളില്‍ ശീതയുദ്ധത്തിന്റെ അവസാനത്തിലാണ് അവസാനമായി ആക്രമണ അപായമണി അമേരിക്ക ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞയാഴ്ചയാണ് സൈറന്‍ ഹവായിയില്‍ പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് ഇന്നലെ പരീക്ഷണാര്‍ഥം സൈറണ്‍ മുഴങ്ങി. ഇനി ഓരോ മാസവും ആദ്യ പ്രവൃത്തിദിവസം ഇത്തരത്തില്‍ സൈറണ്‍ മുഴങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."