നടുവിലില്‍ സി.പി.എം - ലീഗ് സംഘര്‍ഷം; ബോംബേറ് മുസ്ലിം പള്ളിക്ക് നേരെ കല്ലേറ്
ആലക്കോട് (കണ്ണൂര്‍): നടുവില്‍ ടൗണില്‍ സി.പി.എം - ലീഗ് സംഘര്‍ഷം. നടുവില്‍ ടൗണിലെ മുസ്ലിം പള്ളിക്ക് നേരെ കല്ലേറും നടന്നു. സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരുക്കേറ്റു. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസും അടിച്ചു തകര്‍ത്തു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം അനുഭാവിയായ ഇസ്മാഈലിന്റെ ഓട്ടോറിക്ഷ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ലീഗ് അനുഭാവിയായ കെ.പി ബഷീറിന്റെ കാറിനു നേരെ ആക്രമണം നടന്നു. ഇന്നലെ ഉച്ചയോടെ അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ വാഹനം സി.പി.എമ്മുകാര്‍ തടഞ്ഞുവെന്നാരോപിച്ചു ലീഗ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ലീഗ് പ്രവര്‍ത്തകരായ കെ.പി സൈനുദ്ധീന്‍, സി.പി അബൂബക്കര്‍, പി ജാഫര്‍, പി. റഷീദ്, സി.എച്ച് സജാദ് എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെ സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ നടുവില്‍ ടൗണിനു സമീപത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ടി.വി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു. ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നടുവില്‍ ടൗണില്‍ പ്രകടനം നടത്തുന്നതിനിടെയാണ് മുസ്ലിം പള്ളിക്ക് സമീപം റോഡില്‍ ബോംബേറുണ്ടായത്. രണ്ടു ബോംബുകളില്‍ ഒന്നാണ് പൊട്ടിയത്. ഇതിന്റെ ചീള് തെറിച്ചാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരുക്കേറ്റത്.
ചെമ്പന്‍ തൊട്ടി റോഡിലെ ഫറൂഖ് ജുമാമസ്ജിദിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മദ്റസ ക്ലാസുകളിലും കല്ലുകള്‍ പതിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ സംഘടിച്ചു നിന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ അടുത്ത കാലത്തായി മുസ്ലിം ലീഗില്‍നിന്ന് സി.പി.എമ്മിലേക്ക് വന്ന സി.പി മൂസാന്‍കുട്ടിക്ക് നേരെ കൈയേറ്റം നടന്നതായി സി.പി.എം ആരോപിച്ചു. പ്രദേശത്ത് ശ്രീകണ്ഠപുരം സി.ഐ യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും നടുവില്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."