അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തി
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരുടെ വാഹനത്തിനുനേരെ ആക്രമണം നടത്തിയ പാക് വംശജര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പാക് വംശജരായ അബു ഫര്‍ഖാന്‍, അബു മാവിയ, കശ്മിര്‍ സ്വദേശി യാവര്‍ ബാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ 10നാണ് ദക്ഷിണ കശ്മിരില്‍ വച്ച് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. എട്ട് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ട ഫര്‍ഖാന്‍ ആയിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ഭീകരര്‍ കശ്മിരില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഖാസികുണ്ഡില്‍ നടത്തിയ തിരച്ചിലിനിടയില്‍ സൈന്യത്തിനുനേരെ ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ എറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ കൊലപ്പെടുത്തിയതെന്ന് സുരക്ഷാസേന അറിയിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട മറ്റൊരാളെ അനന്ദ്‌നാഗിലെ ഒരു ആശുപത്രിയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരരെ പിടികൂടാനായി എത്തിയ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണമാണ് ഭീകരരെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുവരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായി സൈനിക വക്താവ് അറിയിച്ചു.
കൊല്ലപ്പെട്ട കശ്മിര്‍ സ്വദേശിയായ ബാസിര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ആയുധങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് ഇയാള്‍.
കൊല്ലപ്പെട്ട പാക് വംശജനായ ഫര്‍ഖാന്‍ ദക്ഷിണ കശ്മിരിലെ പ്രവര്‍ത്തനത്തിനായി ലഷ്‌കര്‍ നിയോഗിച്ച കമാന്‍ഡറാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."