സ്ഥിരം അധ്യാപകരില്ല; ബ്രണ്ണനില്‍ എം.എഡ് കോഴ്‌സ് മുടങ്ങുന്നു
തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷനില്‍ സ്ഥിരം അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് എം.എഡ് കോഴ്‌സ് പുനരാരംഭിക്കാനായില്ല. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍( എന്‍.സി.ടി.ഇ) ആണ് ഇവിടെ എം.എഡ് കോഴ്‌സിന് അനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഇവിടെ കോഴ്‌സ് നടത്താന്‍ സാധിക്കാത അവസ്ഥയാണ്. എന്നാല്‍ കേരളത്തിലെ മറ്റു സര്‍ക്കാര്‍ എം.എഡ് പഠന കേന്ദ്രങ്ങള്‍ മതിയായ സ്ഥിരം അധ്യാപകരില്ലാതെ പ്രവര്‍ത്തിക്കുന്നുമുണ്ട്. കോടതിയുടെ അനുമതിയോടെ 2011-12, 2012-13 അധ്യയനവര്‍ഷങ്ങളില്‍ എം.എഡ് കോഴ്‌സ് ഇവിടെ നടത്തിയിരുന്നു. മതിയായ ഭൗതിക സാഹചര്യം ഇല്ലാത്തതടക്കം ചൂണ്ടിക്കാട്ടി എന്‍.സി.ടി.ഇ. വീണ്ടും ശക്തമായി ഇടപെട്ടതോടെ രണ്ടു വര്‍ഷം മുമ്പ് കോഴ്‌സ് നിര്‍ത്തിവെച്ചു. എം.എഡ് കോഴ്‌സിന് 50 സീറ്റുകളാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് നാലു സ്ഥിരം അധ്യാപകരാണ് വേണ്ടത്. രണ്ടു വര്‍ഷം കോഴ്‌സ് നടത്തിയപ്പോള്‍ കരാര്‍ വ്യവസ്ഥയിലാണ് അധ്യാപകരാണുണ്ടായിരുന്നത്. ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഭൗതിക സാഹചര്യം വിലയിരുത്തുന്നതിനായി സിന്‍ഡിക്കേറ്റ് ഉപസമിതി ഫെബ്രവരിയില്‍ കോളജ് സന്ദര്‍ശിച്ചു സര്‍വകലാശാലക്ക് അനുകൂല റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് പരാതി.കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ എം എഡ് കേന്ദ്രങ്ങളില്‍ മതിയായ അധ്യാപകരില്ലെന്നും അവയുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചേര്‍സ് എജ്യുക്കേഷനിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ധര്‍മ്മശാലയിലെ കേന്ദ്രത്തില്‍ എം.എഡ് കേന്ദ്രത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ മാത്രമാണുള്ളത്. മറ്റ് അധ്യാപകരെ കരാര്‍ വ്യവസ്ഥയിലാണ് ഇവിടെ നിയമിക്കുന്നത്. മാനദണ്ഡങ്ങള്‍ നിലിവില്‍ വരുന്നതിന് മുമ്പാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഇവിടങ്ങളിലെ കോഴ്‌സുകളെ അധ്യാപക പ്രശ്‌നം ബാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജില്ലയിലെ എം.എഡ് കോഴ്‌സ് അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് ഇത്തവണയും നിര്‍ത്തി വെക്കേണ്ടി വന്നത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."