സഊദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന താമസ സ്ഥലങ്ങളിലേക്കും
ജിദ്ദ: സഊദിയില്‍ പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയുടെ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. ഇതില്‍ തൊഴില്‍ നിയമലംഘനത്തിന് മലയാളികളടക്കം നാല്‍പതിനായിരത്തോളം ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്.
അതേ സമയം പരിശോധനയുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്നതിന് നഗരസഭകള്‍ക്ക് മുനിസിപ്പല്‍ മന്ത്രാലയം അനുമതി നല്‍കി. വിവിധ സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാണ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നത്. ഇതിനു പുറമെ താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും. താമസസ്ഥലങ്ങളിലെ ആരോഗ്യ വ്യവസ്ഥകളും നടപ്പിലാക്കിയോ എന്ന് സംഘം പരിശോധിക്കും.
ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ ജീവിത സാഹചര്യം പരിശോധിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിശോധകസംഘം ഉറപ്പു വരുത്തും. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകള്‍ തയ്യാറായിട്ടുണ്ട്. മുനിസിപ്പല്‍ മന്ത്രാലയം ആരോഗ്യ തൊഴില്‍ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് തയ്യാറാക്കിയതാണ് ഇത്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാകും ബലദിയ പരിശോധന നടത്തുക. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണം. തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്.
പോര്‍ട്ടോ കാബിനുകളും ഷെഡുകളും ഇല്ലെന്ന് മുനിസിപ്പാലിറ്റി ഉറപ്പു വരുത്തും. ഇതിനാവശ്യമായ നിര്‍ദേശം മന്ത്രാലയം ബലദിയകള്‍ക്ക് നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തൊമ്പതു ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത് ഒന്നരലക്ഷത്തോളം പേരാണ്. ഇഖാമ നിയമലംഘനത്തിന് തൊണ്ണൂറായിരത്തോളം പേരാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ നാല്‍പതിനായിരത്തോളം പേരില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരാണ് പിടിയിലായത്.
ഇതില്‍ കുറേ പേരെ പിടികൂടിയത് കമ്പനിയിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയിലാണ്. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ പതിനയ്യായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ ഭൂരിഭാഗവും യമനികളും എത്യോപ്യക്കാരുമാണ്. നിയമ ലംഘകര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. താമസ സൌകര്യം നല്‍കിയവരുമുണ്ടിതില്‍. സൗകര്യം നല്‍കിയ 67 സഊദി പൗരന്മാരും അകത്തായി. ഇവരില്‍ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരില്‍ 1404 സ്ത്രീകളുമുണ്ട്.
ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാല്‍ലക്ഷത്തോളം വിദേശികളെ ഇതിനകം നാടു കടത്തി. ഇവര്‍ക്കിനി സൗദിയിലേക്ക് മടങ്ങിവരാനാകില്ല. നാടുകടത്തല്‍ നടപടിക്കായി പതിനേഴായിരം പേരെ വിവിധ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."