കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ക്ക് എതിര്‍പ്പ്; വീരന്റെ മുന്നണി മാറ്റ നീക്കത്തിനു തിരിച്ചടി
തിരുവനന്തപുരം: പാര്‍ട്ടിയുടെ കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറാനുള്ള എം.പി വീരേന്ദ്രകുമാറിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി. കൂടാതെ ജെ.ഡി.യുവിനെ ഇടതുമുന്നണിയില്‍ സ്വീകരിക്കുന്നതിനോടുള്ള എതിര്‍പ്പ് ജെ.ഡി.എസിലും ശക്തമായി.
ജെ.ഡി.യുവിന്റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി,കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികള്‍ കൂടി ഇടതു ബന്ധത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇതോടെ ഈ മാസം 17നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വീരേന്ദ്രകുമാറിന്റെ നീക്കത്തിന് ശക്തമായ എതിര്‍പ്പുയരുമെന്ന് ഉറപ്പായി. മുന്നണി മാറ്റമെന്ന തീരുമാനത്തില്‍ വീരേന്ദ്രകുമാര്‍ പക്ഷം ഉറച്ചു നിന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അറിയുന്നു.
വീരേന്ദ്രകുമാറിന്റെയും മകന്‍ ശ്രേയാംസ് കുമാറിന്റെയും കൂടെ നില്‍ക്കുന്ന ചുരുക്കം ചില നേതാക്കളുടെയും താല്‍പര്യം സംരക്ഷിക്കാനാണ് ഇടതു ബന്ധത്തിനുള്ള നീക്കം നടക്കുന്നതെന്ന് മറുപക്ഷ നേതാക്കള്‍ പറയുന്നു. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടിനോടു വിയോജിച്ചുനില്‍ക്കുന്ന വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം രാജിവയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഒഴിവുവരുന്ന സീറ്റില്‍ ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫില്‍ നിന്ന് വിജയിക്കാനാവില്ല. മുന്നണി മാറിയാല്‍ ഈ സീറ്റ് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റ് ശ്രേയാംസ് കുമാറിനു നല്‍കാമെന്നും ധാരണയുണ്ട്.
ഇതുകൊണ്ട് വീരനും മകനുമല്ലാതെ പാര്‍ട്ടിക്ക് നേട്ടമൊന്നുമില്ലെന്നും പാര്‍ട്ടിയെ നന്നായി പരിഗണിക്കുന്ന യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നുമാണ് ഇടഞ്ഞുനില്‍ക്കുന്നവരുടെ നിലപാട്. കെ.പി മോഹനന്‍, വര്‍ഗീസ് ജോര്‍ജ്, ചാരുപാറ രവി, ഷെയ്ഖ് പി. ഹാരിസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും വീരേന്ദ്രകുമാറിന് എതിരാണ്.
മറുപക്ഷത്ത് മന്ത്രി മാത്യു ടി. തോമസും നീലലോഹിതദാസും അടക്കമുള്ള പല പ്രമുഖ ജെ.ഡി.എസ് നേതാക്കളും മുന്നണി പ്രവേശനത്തിന് എതിരാണ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍ കുട്ടിയും സി.കെ നാണു എം.എല്‍.എയും മാത്രമാണ് വീരേന്ദ്രകുമാറിന്റെ വരവിനെ അനുകൂലിക്കുന്ന പ്രമുഖര്‍. ഇവര്‍ക്കെതിരേ കഴിഞ്ഞ ദിവസം കോഴിക്കോട്ടു ചേര്‍ന്ന ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ വലിയൊരു വിഭാഗവും പതിനൊന്ന് ജില്ലാ കമ്മിറ്റികളും പുതിയ പാര്‍ട്ടിയുമായി വീരേന്ദ്രകുമാര്‍ വന്നാല്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കൃഷ്ണന്‍ കുട്ടി പക്ഷത്തിന്റെ നിലപാടിനെ അനുകൂലിക്കുന്നത് കൊല്ലം, തൃശൂര്‍, ഇടുക്കി ജില്ലാകമ്മിറ്റികള്‍ മാത്രമാണ്. പാര്‍ട്ടിയുടെ വികാരം ഉള്‍ക്കൊള്ളാതെയാണ് കൃഷ്ണന്‍ കുട്ടിയും നാണുവും വീരേന്ദ്രകുമാറിനെ സ്വാഗതം ചെയ്യുന്നതെന്നും സി.പി.എമ്മിന്റെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."