റിസ നിര്‍മാണം: വിമാന സമയങ്ങളില്‍ മാറ്റം; കരിപ്പൂരില്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) യുടെ നീളം കൂട്ടുന്നതിന്റെ ഭാഗമായി ജനുവരി 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടും. ഏഴു മണിക്കൂര്‍ നേരമാണ് അടച്ചിടുക. ഈ സമയങ്ങളിലുള്ള വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാറ്റംവരുത്തണമെന്ന് ഡി.ജി.സി.എ നിര്‍ദേശം നല്കി.
ജനുവരി 15 മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും ഉച്ചയ്ക്കുശേഷം 3.30 മുതല്‍ ഏഴു വരെയുമാണ് റിസയുടെ നിര്‍മാണപ്രവൃത്തികള്‍ നടത്തുക. ശൈത്യകാല ഷെഡ്യൂള്‍ പൂര്‍ത്തിയാവുന്ന മാര്‍ച്ച് 25 വരെയും വേനല്‍ ഷെഡ്യൂളിലും സമയം ക്രമീകരിക്കാനാണ് നിര്‍ദേശം.
ജനുവരി 15ന് ആരംഭിക്കുന്ന നിര്‍മാണപ്രവര്‍ത്തികള്‍ ജൂണില്‍ പൂര്‍ത്തിയാകും. 90 മീറ്റര്‍ നീളത്തിലുള്ള റിസ 240 മീറ്ററാക്കുന്ന ജോലികളാണ് നടത്താനുള്ളത്. ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള അനുമതിക്കായാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്. വിമാന സര്‍വിസുകള്‍ കുറവുള്ള ഉച്ചയ്ക്കാണ് റിസ നിര്‍മാണം നടത്തുക.
ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ മൂന്ന് വിമാനങ്ങളുടെ സമയങ്ങളാണ് പ്രധാനമായും പുനഃക്രമീകരിക്കേണ്ടത്. ജെറ്റ് എയര്‍വെയ്സ് മുംബൈയിലേക്കും ഇന്‍ഡിഗോ ദോഹയിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിലേക്കുമാണ് സര്‍വിസ് നടത്തുന്നത്.
ജെറ്റും ഇന്‍ഡിഗോയും അടുത്തയാഴ്ചയോടെ സര്‍വിസ് പുനഃക്രമീകരണം പൂര്‍ത്തിയാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ വൈകിട്ട് സര്‍വിസ് നടത്തുന്ന ഇത്തിഹാദ് എയര്‍വെയ്സിന്റെ അബൂദബി വിമാനവും പുനഃക്രമീകരിക്കും.
റണ്‍വേ ഭാഗികമായി അടച്ചിടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.
ഷെഡ്യൂള്‍ മാറ്റം നേരത്തേ അറിയിക്കണമെന്ന് വിമാന കമ്പനികളോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."