HOME
DETAILS

ജനസേവനവുമായൊരു ഒറ്റയാള്‍ പോരാട്ടം

  
backup
December 10 2017 | 02:12 AM

people-service-oneman-army-spm-njayar-prabhaatham

ഇടതു കൈയില്‍ കട്ടിയുള്ള ഡയറി. പഴയ ഒരു വാനിറ്റി ബാഗ് ചുമലില്‍ തൂക്കിയിട്ടിരിക്കുന്നു. ചുരിദാര്‍ വേഷധാരിയായ ഒരു യുവതി അല്‍പം ധൃതിയില്‍ നടന്നുനീങ്ങുന്നു. നിത്യേന ഈ പതിവ് കാഴ്ച കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്കറിയാം അവര്‍ എവിടേക്കാണെന്നും എന്തിനാണിങ്ങനെ ധൃതിയില്‍ പോകുന്നതെന്നും.
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ എടവണ്ണപ്പാറക്കടുത്ത് ചാലിയപ്രം-വെട്ടത്തൂര്‍ മണ്ണാടിയില്‍ വീട്ടില്‍ കര്‍ഷകനായ അഷ്‌റഫിന്റെ ഭാര്യ റുഖിയയെ കുറിച്ചാണു പറയുന്നത്. തന്റെ സങ്കല്‍പ്പത്തിലുള്ള ജീവിതപങ്കാളിയെ തേടി കിലോ മീറ്ററുകള്‍ക്കകലെ എടവണ്ണയില്‍നിന്ന് വാഴക്കാടേക്കെത്തിയതാണ് റുഖിയ. എടവണ്ണ പന്നിപ്പാറ കളത്തിങ്ങല്‍ ഉണ്ണിമുഹമ്മദിന്റെയും ആയിഷക്കുട്ടിയുടെയും മൂത്ത മകള്‍. തുവ്വക്കാട് യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കവേ, ജന്മനാട്ടില്‍ ജലക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന ഘട്ടത്തില്‍ ദുര്‍ഘടമായ കുന്നുകള്‍ താണ്ടി കിലോമീറ്ററുകളോളം നടന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ളം എത്തിച്ചുകൊടുത്തതില്‍നിന്ന് ആരംഭിക്കുന്നു ഇവരുടെ സേവന ജീവിതം.

വഴിത്തിരിവായി പിതാവിന്റെ വിയോഗം
പിതാവിന്റെ ആകസ്മിക മരണം സമ്മാനിച്ച അനാഥത്വവും നിസഹായതയും കൊടിയ ദാരിദ്ര്യവുമാണു ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ടു മുന്നോട്ടുകുതിക്കാന്‍ റുഖിയയെ പ്രേരിപ്പിച്ചത്. പ്രാരാബ്ധം കാരണം വളരെ വേദനയോടെ റുഖിയ ഏഴാം ക്ലാസില്‍ പഠനമവസാനിപ്പിച്ചു. പിന്നീട് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പന്നിപ്പാറയിലെ നിരക്ഷരരായ പാവങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി വീടുകള്‍ കയറിയിറങ്ങിയപ്പോഴാണ് തനിക്കു ചുറ്റുമുള്ള പച്ചമനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ റുഖിയ മനസിലാക്കിയത്. അവരുടെ കണ്ണീരൊപ്പാന്‍ തന്നാലാവുന്നതു ചെയ്തുകൊടുക്കുന്നതിലപ്പുറം ജന്മസാഫല്യം മറ്റൊന്നില്ലെന്നു തിരിച്ചറിയുകയായിരുന്നു അവര്‍.
ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ സമൂഹത്തിലെ വ്യത്യസ്തതരം ജനങ്ങളുമായി ഇടപഴകേണ്ടി വരും. ഇതിനൊക്കെ സ്വാതന്ത്ര്യം നല്‍കുന്ന ഒരാളെയേ താന്‍ വിവാഹം കഴിക്കൂ എന്ന് റുഖിയ തീരുമാനിക്കുകയായിരുന്നു. ആ ദാമ്പത്യ ജീവിത സങ്കല്‍പത്തെ മനംതുറന്ന് അംഗീകരിച്ച ഒരാളെ തന്നെ റുഖിയയ്ക്കു ജീവിതപങ്കാളിയായി ലഭിച്ചു.

അതിരാവിലെ
പ്രഭാത നിസ്‌കാരത്തിനുശേഷം പ്രിയപ്പെട്ടവനുള്ള നാശ്തയും ഉച്ചഭക്ഷണവും തയാറാക്കും. തുടര്‍ന്നു രാവിലെ ഏഴുമണിയോടെ തന്നെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നവര്‍ക്കിടയിലേക്കു യാത്ര തിരിക്കും. ശരീരം തളര്‍ന്നു പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കാണു പ്രഥമ പരിഗണന. അത്തരം വീടുകളില്‍ ചെന്ന് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സഹായിക്കുക, രോഗികളെ കുളിപ്പിക്കുക, അവരുടെ മുറിവുകള്‍ കഴുകി വൃത്തിയാക്കി മരുന്ന് വച്ചുകെട്ടുക തുടങ്ങിയവയെല്ലാം യാതൊരു അറപ്പും വെറുപ്പുമില്ലാതെ ചെയ്തുകൊടുക്കും. സാന്ത്വന വചനങ്ങള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കും.
സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികാരികളില്‍നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിച്ചെന്ന് ആവശ്യക്കാര്‍ക്ക് കാര്യം സാധിച്ചുകൊടുക്കും. താലൂക്ക് ഓഫിസ്, കലക്ടറേറ്റ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും റുഖിയ ബന്ധപ്പെടും.

സേവനവഴിയില്‍
ഈ സേവനയാത്രയ്ക്കിടയില്‍ തന്റെ മനസിനെ പിടിച്ചുലക്കിയ ചില കാഴ്ചകള്‍ വിവരിക്കുമ്പോള്‍ റുഖിയയുടെ കണ്ണുകള്‍ ഈറനണിഴുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. ശ്വാസകോശ രോഗം ബാധിച്ച് അവശയായി വെന്റിലേറ്ററില്‍ കിടക്കുന്ന ഗൃഹനാഥയായ ഉമ്മ. കടുത്ത പ്രമേഹരോഗംമൂലം ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട മകന്‍. കാന്‍സര്‍ രോഗിയായ മറ്റൊരു മകന്‍. ഇവര്‍ക്കിടയില്‍ അവരുടെ ഏക മകള്‍ വിവാഹമോചിതയായി വീട്ടില്‍ കഴിയുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയുള്ള റേഷന്‍ കാര്‍ഡാവട്ടെ എ.പി.എല്‍ വിഭാഗത്തിലും!! റേഷന്‍ കാര്‍ഡ് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനായി പിന്നെ റുഖിയയുടെ ഓട്ടം. അതു വിജയം കാണുകയും ചെയ്തു.
പിന്നീട് ഈ കുടുംബത്തിന്റെ ഫോട്ടോ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. 'സുതാര്യ കേരളം' പരിപാടിയിലെ വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി റുഖിയയെ വിളിച്ചു കാര്യം തിരക്കി. നടപടി ഉടന്‍ വന്നു. ആ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ സൗജന്യമാക്കുകയും കുടുംബത്തിനു ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്തു.
മറ്റൊരു അനുഭവം ഇങ്ങനെയായിരുന്നു. തനിക്ക് താങ്ങും തണലുമായിരുന്ന ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ചു മരിച്ചപ്പോള്‍ ആരാരുമില്ലാത്ത ശ്രീജ എന്ന പുളിയങ്കോട്ടുകാരി അക്ഷരാര്‍ഥത്തില്‍ നിസഹായയായി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഫലമായി വാഴക്കാട് പഞ്ചായത്ത് അവര്‍ക്ക് നാല് സെന്റ് ഭൂമി നല്‍കി. അവിടെ ശ്രീജക്ക് വീട് നിര്‍മിച്ചുല്‍കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോള്‍ റുഖിയ.
മലപ്പുറം എസ്.പി ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ വനിതാ സെല്ലിനൊപ്പം നിലമ്പൂര്‍, പോത്തുകല്ല്, കരുളായി പ്രദേശങ്ങളിലെ ആദിവാസി കോളനികളില്‍ ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് എസ്.പിയുമായി ചേര്‍ന്ന് 112 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭ്യമാക്കുന്നതിന് റുഖിയയും മുന്നില്‍ നിന്നു. കൈരളി ചാനല്‍ നടത്തിയ 'വേറിട്ട കാഴ്ചകള്‍' എന്ന പരിപാടിയില്‍ 'റുഖിയ അഷ്‌റഫിന്റെ ഒരു ദിവസം' എന്ന ഡോക്യുമെന്ററിക്കായിരുന്നു അവാര്‍ഡ് ലഭിച്ചത്. 2011ല്‍ 'മാതൃഭൂമി പെണ്‍പത്രിക'യില്‍ മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും റുഖിയക്കായിരുന്നു.
അംഗീകാരങ്ങള്‍
നിസ്വാര്‍ഥമായ ജീവകാരുണ്യ- ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളാണ് റുഖിയയെ തേടിയെത്തിയത്. ജനമൈത്രി പൊലിസ് അവാര്‍ഡ്, സ്ത്രീ ശാക്തീകരണ അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്രയുടെ ഹംസ തയ്യില്‍ അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ്, മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ആരോഗ്യ പ്രവര്‍ത്തകയ്ക്കുള്ള ഹെല്‍ത്ത് അവാര്‍ഡ്, അഴിമതിരഹിത സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ജേസീസ് അവാര്‍ഡ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അവാര്‍ഡ് എന്നിവ അവയില്‍ ചിലതു മാത്രം.
1996ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാംപില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് റുഖിയയായിരുന്നു. പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് വാഴക്കാട്, കൊണ്ടോട്ടി യൂനിറ്റുകളിലെ വളന്റിയര്‍, നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതി അംഗം, എടവണ്ണപ്പാറയിലെ ജീവകാരുണ്യ കേന്ദ്രമായ 'ആശ്വാസം' വളന്റിയര്‍ എന്നിവയിലും റുഖിയ സജീവസാന്നിധ്യമാണ്. അന്തര്‍ദേശീയ വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനരംഗത്തു സജീവമായ 101 വനിതകളെ ആദരിച്ചപ്പോള്‍ റുഖിയയെ അവഗണിച്ചത് അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലാത്തതു കൊണ്ടാകാം.

*******************************
'പേരിനും പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയല്ല ഞാന്‍ ചെയ്യുന്നതൊന്നും. അവശതയനുഭവിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പുക എന്ന ദൗത്യം നിര്‍വഹിക്കുമ്പോള്‍ ആഗ്രഹിക്കുന്നത് ദൈവസാമീപ്യവും മനസംതൃപ്തിയുമാണെന്നതിനാല്‍ എനിക്ക് യാതൊരു പരിഭവവും തോന്നുന്നില്ല'-റുഖിയ പറയുന്നു.
'നിനക്ക് വീഴ്ച വന്നാലും നീ അന്യനെ തുണക്കണം' എന്ന കവിതാശകലം അന്വര്‍ഥമാക്കിക്കൊണ്ട് സ്വന്തം പ്രയാസങ്ങള്‍ അവഗണിച്ച് തന്റെ സഹജീവികളുടെ പ്രയാസപരിഹാരങ്ങളില്‍ മുഴുകുകയാണു സേവനം തപസ്യയാക്കിയ ഈ 36കാരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago