അതിനു ശേഷം ഹബീബക്ക് ഉറങ്ങാന്‍കഴിഞ്ഞില്ല; കണ്ണടയ്ക്കുമ്പോള്‍ ഉപ്പയെ കൊല്ലുന്ന വീഡിയോ ഓര്‍ത്ത് അവള്‍ നിലവിളിക്കും
ന്യൂഡല്‍ഹി: പിതാവ് കൊല്ലപ്പെട്ടതിനു ശേഷം ഇളയമകള്‍ ഹബീബക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഉറക്കംവരാനായി കണ്ണടച്ചുപിടിക്കുമ്പോഴേക്ക് ഉപ്പയെ ആക്രമിക്കുന്ന വീഡിയോ മനസ്സില്‍ തെളിഞ്ഞുവരും. അതോടെ അവള്‍ നിലവിളിക്കും. ഉപ്പയുടെ മരണശേഷമുള്ള ഓരോ രാത്രിയും ഇങ്ങനെയാണ്- രാജസ്ഥാനില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുലിന്റെ വിധവ ഗുല്‍ബാര്‍ ബിബി പറഞ്ഞു.
മൂത്തമകള്‍ ജോഷ്‌നറയും രണ്ടാമത്തെ മകള്‍ റജീനയും വിവാഹിതരാണ്. മരണവാര്‍ത്തയറിഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നെത്തിയ ശേഷം ഇരുവരും മടങ്ങിപ്പോയിട്ടില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹബീബ ഇളയമകളാണ്. ഞങ്ങള്‍ ആര്‍ക്കും ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ല. ആ വീഡിയോയിലെ രംഗങ്ങള്‍ ഒരിക്കലും തങ്ങളുടെ മനസ്സില്‍ നിന്നു പോവുന്നില്ല ഗുല്‍ബാര്‍ പറഞ്ഞു.
ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സൈദാപൂര്‍ ഗ്രാമത്തിലെ അഫ്‌റസുലിന്റെ വീട്ടുകാരുടെ മാത്രമല്ല, ഗ്രാമീണരുടെ മൊത്തം ഉറക്കവും ആ വീഡിയോ നഷ്ടപ്പെടുത്തി. ബംഗാളില്‍ നിന്ന് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള മറ്റു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജോലി തേടിപ്പോയ മുസ്‌ലിം കൂലിത്തൊഴിലാളികള്‍ക്കെല്ലാം അവരുടെ വീട്ടില്‍ നിന്ന് വിളിവന്നിട്ടുണ്ട്. പലരും സംഭവം അറിഞ്ഞയുടന്‍ ജോലി ഇട്ടെറിഞ്ഞു മടങ്ങിയിരുന്നു. പലരും തൊഴിലുപേക്ഷിച്ച് മടക്കയാത്രക്കുള്ള ഒരുക്കത്തിലുമാണ്. സഹോദരന്‍ മുഹമ്മദ് റൂം ഖാന്‍ ആണ് അഫ്‌റസുലിന്റെ മയ്യിത്ത് ജന്‍മാനാട്ടിലെത്തിച്ചത്. റൂമും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജസ്ഥാനില്‍ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. തങ്ങള്‍ക്ക് ലൗജിഹാദ് എന്താണെന്ന് അറിയുകപോലുമില്ലെന്ന് റൂം പറഞ്ഞു.
അഫ്‌റസുല്‍ ജോലിചെയ്തിരുന്ന രാജ്‌സമന്ദ് ജില്ലയില്‍ 200ലേറെ ബംഗാളി തൊഴിലാളികളുണ്ട്. ഞങ്ങള്‍ ജോലിക്കുവേണ്ടിയാണ് ഇവിടെയെത്തിയത്. ഇനി ജോലിവേണ്ട. അഫ്‌റസുല്‍ നേരിട്ട ദുരന്തം ഞങ്ങള്‍ ആരും നേരിട്ടേക്കാം. കരഞ്ഞും യാജിച്ചും വീട്ടുകാര്‍ വിളിച്ചതായും എത്രയും വേഗം മടങ്ങിവരാന്‍ ആവശ്യപ്പെട്ടതായും രാജ്‌സമന്ദിലെ ബംഗാളി തൊഴിലാളി മുഹമ്മദ് റിന്റു ശൈഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."