ജിഷ വധക്കേസ്: വിധി ഇന്ന്
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്തിമ വിധിപറയാന്‍ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ പതിനൊന്നിനാണ് കേസ് പരിഗണിക്കുക.
പ്രതി അമീര്‍ കുറ്റക്കാരനാണോയെന്നായിരിക്കും കോടതി ആദ്യം വ്യക്തമാക്കുക. തുടര്‍ന്ന് ശിക്ഷാവിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്കുശേഷമോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ ആയിരിക്കും പ്രതിക്കുള്ള ശിക്ഷ വിധിക്കുക. സെഷന്‍സ് ജഡ്ജി എന്‍. അനില്‍ കുമാറായിരിക്കും വിധിപ്രസ്താവം നടത്തുക.
2016 ഏപ്രില്‍ 28ന് വൈകിട്ട് 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി അസം സ്വദേശി അമീര്‍ ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കവെ മൃഗീയമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഏക പ്രതിയാണ് അമീര്‍.
ഇക്കഴിഞ്ഞ ആറിന് അന്തിമവാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് വിധി പറയാന്‍ കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. സാഹചര്യത്തെളിവുകളും ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയ്‌ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201, 449, 342, 376, 376 എ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചുകടന്ന് കൊലപാതകം ചെയ്യല്‍, ബലാത്സംഗം, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിവയും ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.
വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്. കൊല്ലപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറിന്റെ രണ്ടു ഭാഗങ്ങളില്‍ കണ്ടെത്തിയ ഉമിനീര്‍, ജിഷയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ, ജിഷയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍, സാക്ഷികള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞ ചെരുപ്പുകളില്‍ കണ്ടെത്തിയ രക്തം കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് സ്ഥാപിക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ട് തുടങ്ങിയവ പ്രതിക്കെതിരായ ശക്തമായ തെളിവുകളാണെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍. എന്നാല്‍, പൊലിസ് ശേഖരിച്ച തെളിവുകള്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷമുള്ളതാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
പ്രതി കൃത്യം നിര്‍വഹിച്ചപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടും കൃത്യത്തിനുപയോഗിച്ച ആയുധവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തെളിവുകള്‍ അപര്യാപ്തമാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."