തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ നിയമിച്ചത് നിയമപ്രകാരമെന്ന് സര്‍ക്കാര്‍
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ നിയമിച്ചത് നിയമപ്രകാരമാണെന്നു സര്‍ക്കാര്‍. ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ചത് ശബരിമല തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന ആരോപണം ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് തങ്ങളെ പിരിച്ചുവിട്ടതിനെതിരേ മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗം അജയ് തറയിലും നല്‍കിയ ഹരജിയിലാണ് റവന്യൂ (ദേവസ്വം) അഡീഷനല്‍ സെക്രട്ടറി സത്യവാങ്മൂലം നല്‍കിയത്.
സംസ്ഥാനത്തെ 13 ഹിന്ദു മന്ത്രിമാരില്‍ ഏഴുപേരാണ് രണ്ട് ബോര്‍ഡംഗങ്ങളെയും ഇവരില്‍നിന്ന് ബോര്‍ഡ് പ്രസിഡന്റിനെയും നവംബര്‍ 14ന് നാമനിര്‍ദേശം ചെയ്തത്. നവംബര്‍ 15ന് 13 മന്ത്രിമാരും ചേര്‍ന്ന് ഇതിനംഗീകാരം നല്‍കി. അന്ന് തന്നെ പുതിയ ഭരണസമിതി ചുമതല ഏല്‍ക്കുകയും ചെയ്തു. പുതിയ ഭരണസമിതി ഉടന്‍തന്നെ ചുമതല ഏറ്റതിനാല്‍ ശബരിമല തീര്‍ഥാടനത്തെ ബാധിക്കില്ല. ഹരജിക്കാരെയും ഇതേപോലെ ഒരു തീര്‍ഥാടനകാലത്തിന് തൊട്ടുമുന്‍പാണ് നിയമിച്ചത്. മുന്‍ അംഗങ്ങളായ ഹരജിക്കാരെ പിരിച്ചുവിട്ടെന്ന ആരോപണം ശരിയല്ല. ഹരജിക്കാര്‍ ഭാരവാഹികളായിരുന്ന കാലത്ത് അഴിമതി നടന്നില്ലെന്ന വാദം തെറ്റാണ്. ഇവരുടെ യാത്രാപ്പടി സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മറ്റൊരു ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരല്ല ഇത്തരത്തിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നത്. ദേവസ്വം ബോര്‍ഡില്‍ പുതിയ ഭാരവാഹികളെ നിയമിച്ചതിനെതിരേ രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കി റവന്യൂ (ദേവസ്വം) അഡീഷനല്‍ സെക്രട്ടറി മറുപടി സത്യവാങ്മൂലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."