പാക് ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്‌പോര്
അഹമ്മദാബാദ്: പാകിസ്താന്‍ ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോര് കടുത്തതോടെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം വിവാദങ്ങള്‍ക്കും തിരികൊളുത്തി.
പാകിസ്താന്‍ പ്രതിനിധികളുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ച നടത്തിയെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായി ഇത്തരം ചെയ്തികള്‍ ബി.ജെ.പിയുടെതാണെന്ന മറുപടിയുമായാണ് കോണ്‍ഗ്രസ് ഇന്നലെ രംഗത്തുവന്നത്. പത്താന്‍കോട്ട് വ്യോമതാവളത്തിനുനേരെയുണ്ടായ ആക്രമണത്തിനു ശേഷം ഇവിടേക്ക് പാക് പ്രതിനിധികളെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യഥാര്‍ഥത്തില്‍ പാകിസ്താനെ സ്‌നേഹിക്കുന്നവരാരാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍കൂട്ടി തീരുമാനിക്കാതെ പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ വസതി സന്ദര്‍ശിച്ച മോദിയുടെ പാക് സ്‌നേഹം എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
2015 ഓഗസ്റ്റില്‍ ഉധംപൂരിലും ജൂലൈയില്‍ ഗുരുദാസ്പൂരിലും ഭീകരാക്രമണമുണ്ടായതിനു ശേഷമാണ് നവാസ് ശെരീഫിന്റെ കുടുംബത്തിലെ വിവാഹത്തിന് മോദി പാകിസ്താനില്‍ പോയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
പാകിസ്താനുമായി മോദി നടത്തിയ ബന്ധത്തില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നടത്തുന്ന ആരോപണം പക്വതയില്ലായ്മയെയാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേര്‍ന്ന രീതിയിലല്ല അദ്ദേഹം നടത്തുന്ന പ്രസ്താവനകളെന്നും സുര്‍ജേവാല ആരോപിച്ചു.
മറ്റൊരു കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഹൈക്കമ്മിഷണര്‍ ഇടപെടുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ എന്തുകൊണ്ട് പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ബി.ജെ.പി അധികാരത്തിലേറിയശേഷം അവര്‍ സ്വീകരിക്കുന്ന പാക് നിലപാടുകള്‍ നിലവാരമില്ലാത്തതാണെന്നും തിവാരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."