രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകളുടെ വിചാരണക്ക് 12 അതിവേഗ കോടതി
ന്യൂഡല്‍ഹി: എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍ കൈകാര്യം ചെയ്യാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
പ്രത്യേക കോടതികള്‍ സ്ഥാപിക്കാനായി 7.8 കോടി രൂപ നീക്കിവച്ചതായും കേന്ദ്രനിയമമന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ജീവിതകാലം മുഴുവന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവില്‍ ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറുവര്‍ഷം വരെയാണ് മല്‍സരിക്കുന്നതിനു വിലക്കുള്ളത്. ഇത് ഭേദഗതിചെയ്ത് ആജീവനാന്ത വിലക്ക് വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹരജിയില്‍ വാദംകേള്‍ക്കവേ പ്രത്യേകകോടതികള്‍ ഒരു കേസില്‍ ഒരുവര്‍ഷത്തിനകം തന്നെ വിചാരണപൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് അധ്യക്ഷനായ രണ്ടംഗബെഞ്ച് ഉത്തരവിട്ടു. പ്രത്യേക വിചാരണ കോടതികള്‍ അതതുസംസ്ഥാനങ്ങളിലെ അടിസ്ഥാനവികസന, സ്ഥല, സാമ്പത്തിക സൗകര്യങ്ങള്‍ അനുസരിച്ചാരിയിക്കണം സ്ഥാപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കോടതികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. എത്ര രാഷ്ട്രീയക്കാര്‍ക്കെതിരേയാണ് ക്രിമിനല്‍ കേസുള്ളതെന്ന കോടതിയുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച വിവരശേഖരണത്തിന് സര്‍ക്കാരിനു പ്രത്യേക ഏജന്‍സികള്‍ ഇല്ലെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയത്. ഇക്കാര്യം അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചെങ്കിലും അവരും കൈമലര്‍ത്തുകയായിരുന്നു.
പിന്നീട് സര്‍ക്കാരിതര സന്നദ്ധസംഘടനയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് 1581 പേര്‍ക്കെതിരേയാണ് കേസുള്ളതെന്നും സര്‍ക്കാര്‍ പറഞ്ഞു.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളില്‍ നല്‍കിയ വിവരമനുസരിച്ച് വിവിധ രാഷ്ട്രീയക്കാര്‍ക്കെതിരേ 1,581 കേസുകളാണ് നിലവിലുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് സര്‍ക്കാരിനെ അറിയിച്ചത്. ക്രിമിനല്‍ കേസ് നിലവിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരുടെയും എം.എല്‍.എമാരുടെയും എണ്ണവും കേന്ദ്രനിയമമന്ത്രാലയം ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
ക്രിമിനല്‍ കേസുള്ള 164 ജനപ്രതിനിധികളുള്ള മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശ് (143), ബിഹാര്‍ (141), പശ്ചിമബംഗാള്‍ (107) എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ 87 ജനപ്രതിനിധികള്‍ക്കെതിരേയാണ് ക്രിമിനല്‍കേസുകളുള്ളത്. തമിഴ്‌നാട്ടില്‍ 75ഉം കര്‍ണാടകയില്‍ 73ഉം പേരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."