രണ്ടാം ഘട്ടം ഉത്തര-മധ്യ ഗുജറാത്തില്‍; യുവനേതാക്കളും മത്സര രംഗത്ത്
ഇന്ന് ഗുജറാത്തില്‍ രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുകയാണ്. മധ്യ ഗുജറാത്തും ഉത്തര ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഡിസംബര്‍ ഒന്‍പതിന് ഒന്നാം ഘട്ടത്തില്‍ സൗരാഷ്ട്രയും ദക്ഷിണ ഗുജറാത്തും വോട്ട് ചെയ്തിരുന്നു.
രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഉത്തര ഗുജറാത്തിലെ 53 സീറ്റുകളും മധ്യ ഗുജറാത്തിലെ 40 സീറ്റുകളുമാണുള്ളത്. ഗാന്ധിനഗര്‍, ബനസ്‌കന്ദ, ആരവല്ലി, മെഹ്‌സാന, പത്താന്‍, സബര്കന്ദ എന്നീ ജില്ലകളിലാണ് ഉത്തരമേഖലയില്‍ വോട്ടെടുപ്പ്. പടീദാറിന് പുറമേ കര്‍ഷകരും ഒബിസി-ആദിവാസി വിഭാഗങ്ങളും ഭൂരിപക്ഷമുള്ള മേഖലയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ആകെയുള്ള 32 സീറ്റില്‍ 17ഉം നേടിയത് കോണ്‍ഗ്രസായിരുന്നു. ബാക്കി 15 ബി.ജെ.പിയും നേടി. നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയത്തിനുമുന്‍പ് 95 സീറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 73എണ്ണവും ബി.ജെ.പിയാണ് നേടിയത്.2007ല്‍ ഉത്തര-മധ്യ ഗുജറാത്തുകള്‍ ബി.ജെ.പിക്ക് സമ്മാനിച്ചത് 56 സീറ്റുകളാണ്. 2012ല്‍ ഭരത് സിങ് സോളങ്കിയുടെ കോണ്‍ഗ്രസ് ശങ്കര്‍സിങ് വഗേലയെ ബി.ജെ.പിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് നടത്തിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം 52ലൊതുക്കിയിരുന്നു. ഗ്രാമീണ-ആദിവാസി മേഖലകളുള്‍പ്പെടുന്ന 54 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2012ല്‍ ഇവയില്‍ 23 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 31 സീറ്റ് നേടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 23 സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്‌സഭാ ഫലവും കോണ്‍ഗ്രസിന് അനുകൂലം
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് മേധാവിത്വം പുലര്‍ത്തിയ നിയമസഭാ മണ്ഡലങ്ങള്‍ 17 എണ്ണമായിരുന്നു. ഇതില്‍ 12ഉം രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലാണെന്നതും കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ഹാര്‍ദിക് പട്ടേലിന്റെ ജന്‍മനാടായ മെഹ്‌സാനയും അല്‍പേശ്, മേവാനി സ്ഥാനാര്‍ഥിത്വവും എല്ലാം കൂടി വന്‍ ജയസാധ്യതയാണ് കോണ്‍ഗ്രസിന് ഒരുങ്ങുന്നത്. എന്നാല്‍ അമുല്‍ ഉള്‍പ്പെടെയുള്ള കമ്പനികളും ചെറുകിട മുതലാളിമാരും ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. ഇതു മനസിലാക്കി ജനസ്വാധീനമുള്ള ബിസിനസുകാരെയും പ്രാദേശിക നേതാക്കളെയും രംഗത്തിറക്കിയാണ് പട്ടേല്‍-ദലിത്-ഒബിസി സീറ്റുകളില്‍ ബി.ജെ.പി വിള്ളലുണ്ടാക്കുന്നത്.
യുവത്രയം
അല്‍പേശിന്റെ ഒബിസിയും ജിഗ്നേഷിന്റെ ദലിതും ഹാര്‍ദികിന്റെ പടീദാറും കൂടി ചേര്‍ന്നാല്‍ ഉത്തരമേഖലയില്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് പ്രസിഡന്റായി രാഹുല്‍ വന്നതോടെ മുമ്പെങ്ങുമില്ലാത്ത ഊര്‍ജവും പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നു.
പത്താന്‍ ജില്ലയിലെ നാലു സീറ്റുകളില്‍ ഒന്നായ രാധന്‍പൂരില്‍ നിന്ന് അല്‍പേശ് താക്കൂര്‍ ജനവിധി തേടുന്നു എന്ന സവിശേഷതയുമുണ്ട്. 2012ല്‍ ഒരു സീറ്റ് മാത്രമാണിവിടെ കോണ്‍ഗ്രസിന് നേടാനായത്. രാധന്‍പൂരുള്‍പ്പെടെ ബാക്കി സീറ്റുകള്‍ ബി.ജെ.പിയാണ് നേടിയത്.
ദലിത്-ആദിവാസി ഭൂരിപക്ഷ മേഖലയായ ബനസ്‌കന്ദ ജില്ലയിലെ വാദ്ഗം സീറ്റില്‍ നിന്ന് ദലിത് നേതാവായ ജിഗ്നേഷ് മേവാനി മത്സരിക്കുന്നു എന്ന പ്രത്യേകതയും രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മേവാനി രംഗത്തുള്ളത്. ഈ സംവരണ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബനസ്‌കന്ദയിലെ ഒന്‍പത് സീറ്റുകളില്‍ അഞ്ചും നേടിയത് കോണ്‍ഗ്രസായിരുന്നു. ബി.ജെ.പിക്ക് നാലു സീറ്റുകള്‍ ലഭിച്ചു.
ഹാര്‍ദിക് പട്ടേലിന്റെ പട്ടേല്‍ വോട്ടുകളില്‍ കോണ്‍ഗ്രസ് നേട്ടം കാണുന്നു. എങ്കിലും പട്ടേല്‍ വിഭാഗത്തിന്റെ ഭരണകക്ഷി പ്രതിനിധിയും ഉപമുഖ്യമന്ത്രിയും മെഹ്‌സാന എംഎല്‍എയുമായ നിതിന്‍ പട്ടേല്‍ അതിശക്തമായ സാന്നിധ്യമാണ്. 2012ലെ തെരഞ്ഞെടുപ്പില്‍ മെഹ്‌സാനയിലെ ഏഴു സീറ്റുകളില്‍ അഞ്ചും നേടിയത് ബി.ജെ.പിയായിരുന്നു. കോണ്‍ഗ്രസിന് രണ്ടുസീറ്റാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."