മതങ്ങള്‍ക്കിടയിലെ ഇസ്‌ലാം
എന്താണ് 'മതം'എന്ന പ്രാഥമികവിവരത്തിന്റെ അഭാവമാണ് മതപരിവര്‍ത്തനമെന്ന പ്രയോഗത്തിനും തല്‍ഫലമായ വിവാദങ്ങള്‍ക്കും കാരണം. നിരവധി മതങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയില്‍ സാധാരണഗതിയില്‍ മതംമാറ്റം ചര്‍ച്ചയേ ആകേണ്ടതില്ല. അത്രമാത്രമാളുകള്‍ ഇവിടെ പല മതങ്ങളിലേക്കു തനിച്ചും കൂട്ടമായും പരിവര്‍ത്തനം നടത്തുന്നുണ്ട്. അവയൊന്നും 'മതംമാറ്റ' കോലാഹലങ്ങള്‍ക്കു വിഷയീഭവിക്കുന്നതേയില്ല.
എന്നാല്‍, ഇസ്‌ലാമിലേക്കുള്ള മടക്കമാണ് 'മതംമാറ്റം' എന്ന പേരില്‍ ചര്‍ച്ചയാവുന്നത്. വിധിവൈപരീത്യമെന്നു പറയട്ടെ, ഇസ്‌ലാം അത്തരമൊരു മതമല്ലെന്നുള്ളതു മഹാഭൂരിപക്ഷംപേരും മനസ്സിലാക്കിയിട്ടില്ലെന്നതാണു സത്യം. 'മുസ്‌ലി'മാവുന്നതിനെ മതംമാറ്റമെന്ന 'ഭീകരത'യായി മുദ്രകുത്തുന്ന സമകാലീനലോകത്ത് ഇസ്‌ലാം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും നാം പരിചയപ്പെട്ട മതസങ്കല്‍പങ്ങളോടൊപ്പം ലക്ഷത്തിലധികം ദൈവദൂതന്മാര്‍ ഉയര്‍ത്തിയ ഇസ്‌ലാം എന്ന ജീവിത ദര്‍ശനത്തെ ചേര്‍ത്തു പറയുന്നതിലെ വൈരുധ്യവും തിരിച്ചറിയപ്പെടണം.
മതങ്ങള്‍ എങ്ങനെ ഉണ്ടായി
ചില ദൈവദൂതന്മാരെയും ചരിത്രപുരുഷന്മാരെയും അവരുടെ കാലശേഷം ദൈവികസ്ഥാനത്ത് അവരോധിച്ചതിലൂടെയാണ് ലോകത്ത് വിവിധമതങ്ങള്‍ രൂപപ്പെടുന്നത്. ആരുടെയെല്ലാം നാമങ്ങളില്‍ മതം നിര്‍മിക്കപ്പെട്ടിട്ടുണ്ടോ അവരെല്ലാം തങ്ങളുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന മത,വര്‍ഗ സംവിധാനങ്ങള്‍ക്കെതിരേ ശക്തിയുക്തം നിലകൊണ്ടവരും മാനവികതയെ ഉയര്‍ത്തിപ്പിടിച്ചവരുമായിരുന്നു.
വാസ്തവത്തില്‍, അതതുകാലത്തെ അധികാര, മേലാള, സമ്പന്നവര്‍ഗമാണു മനുഷ്യകുടുംബത്തില്‍ മത,വര്‍ഗ,വര്‍ണ മതില്‍ക്കെട്ടുകള്‍ തീര്‍ത്തത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അധികാരവും മേധാവിത്വവും നിലനിര്‍ത്താനും രാഷ്ട്രീയ, കച്ചവട നേട്ടങ്ങള്‍ സ്വന്തമാക്കാനുമുള്ള മികച്ച ആയുധമായാണ് ഈ സംവിധാനങ്ങളെ അവര്‍ കണ്ടത്.
ഇത്തരം മനുഷ്യനിര്‍മിതസങ്കേതങ്ങള്‍ക്കെതിരേ നിലകൊണ്ട ചരിത്രമാണ് ലോകാരംഭം മുതല്‍ ഇസ്‌ലാമിനുള്ളത്. അന്ത്യ ദൂതന്‍ മുഹമ്മദ് നബി (സ)യും ഈ മതില്‍ക്കെട്ടുകള്‍ക്കെതിരേ ശക്തമായി നിലകൊണ്ടു. മനുഷ്യസൃഷ്ടിയായ അടിമത്തത്തിന്റെ എല്ലാ വഴികളെയും കൊട്ടിയടച്ചു പ്രവാചകന്‍(സ). ഭൗതികതയുടെ ഞെരുക്കത്തില്‍നിന്ന് അതിന്റെ വിശാലതയിലേയ്ക്ക് അവരെ കൈപിടച്ചുയര്‍ത്തി. മതങ്ങളുടെ കരാളതയില്‍നിന്ന് ഇസ്‌ലാമെന്ന ജീവിതഗന്ധിയായ ദൈവീകജീവിതമാര്‍ഗ രേഖയുടെ നീതികവാടത്തിലേക്കു നയിച്ചു.
അനീതിയുടെയും ചൂഷണത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പൊക്കിയ മുഴുവന്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംവിധാനങ്ങളെയും ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ പൊളിച്ചെഴുതുകയായിരുന്നു പ്രവാചകന്‍(സ). അതായത്, ഏകനായ സ്രഷ്ടാവിനു സമര്‍പ്പിതരാവുക, മരണാനന്തരം ജീവിതം ചോദ്യം ചെയ്യപ്പെടുമെന്നുള്ള സത്യമുള്‍ക്കൊള്ളുക എന്നീ രണ്ടു അടിസ്ഥാനവിഷയങ്ങളെ മുന്‍നിര്‍ത്തി സത്യം, നീതി, ധര്‍മം, സമത്വം, സ്വാതന്ത്ര്യം തുടങ്ങി സര്‍വഗുണങ്ങളെയും പഠിപ്പിച്ചു.
ഇസ്‌ലാം എങ്ങനെ 'മത'മായി
അനേകം അര്‍ഥതലങ്ങളുള്ളതും ഉല്‍കൃഷ്ടജീവിത സന്ദേശങ്ങളുടെ സമാഹാരവുമായ ഇസ്‌ലാമെന്ന അറബിവാക്കിനോട് മതം എന്ന പരിമിതാര്‍ഥമുള്ള വാക്കു ചേര്‍ത്തുപറയാന്‍ തുടങ്ങിയതോടെ ഇസ്‌ലാം മറ്റു മതങ്ങള്‍പോലെ ഒരു മതം മാത്രമായി അറിയപ്പെടുകയായിരുന്നു. അതോടെ ഇസ്‌ലാമെന്ന വ്യവഹാരത്തെ അര്‍ഥമറിയാതെയും പറയാതെയും ലോകവ്യാപകമായി ഉപയോഗിച്ചു.
നോഹ(നൂഹ്), അബ്രഹാം(ഇബ്‌റാഹീം), മോസസ് (മൂസ), ജീസസ് (ഈസ) തുടങ്ങിയ ലക്ഷത്തിലേറെ വരുന്ന ദൈവദൂതന്മാരിലൂടെ അവതരിച്ചതും അന്ത്യദൂതന്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിച്ചതുമായ ഇസ്‌ലാമെന്ന മാനവ ജീവിതധാരയെ അറേബ്യയിലെ മക്കയെന്ന ദേശത്തെ മുഹമ്മദ് (സ) എന്ന വ്യക്തി നിര്‍മിച്ച മതമായി ചിത്രീകരിക്കപ്പെട്ടിടത്താണ് ഈ ദുരന്തം എത്തിനില്‍ക്കുന്നത്. അതോടൊപ്പം അല്ലാഹുവെന്നത് ഇസ്‌ലാമെന്ന മതത്തിലെ കേവലമായ ഒരു ആരാധ്യവസ്തുവാണെന്ന തോന്നല്‍ വലിയൊരു വിഭാഗത്തിനിടയില്‍ രൂപപ്പെടുകയും ചെയ്തു . ഇതിനൊക്കെ പുറമെയാണു കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ ശക്തികളുടെ നേതൃത്വത്തില്‍ സൃഷ്ടിച്ച ഇസ്‌ലാം പേടി. ഇതിനായി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും തലയില്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പ്രതിച്ഛായ സൃഷ്ടിക്കുകയാണു പടിപടിയായി അവര്‍ ചെയ്തത്. ഈ കുളംകലക്കി മീന്‍പിടിക്കലിന്റെ ഭാഗമായി തന്നെയാണ് ചില മുസ്‌ലിംരാഷ്ട്രങ്ങളില്‍ അവര്‍ കടന്നുകയറിയതും ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയതും.
ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ രക്തദാഹികളെ സൃഷ്ടിച്ചു ലോകമനഃസാക്ഷിയെ ഇസ്‌ലാമിനെതിരാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇതെല്ലാം ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനായി എന്നിടത്താണ് ഈ ഉപജാപക സംഘങ്ങളുടെ ചിരി.
ഇതാണ് കേള്‍ക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാനോ പഠിക്കുവാനോ സമയമോ അവസരമോ ഇല്ലാത്ത മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മനസ്സില്‍ ഇസ്‌ലാം ഭീകരതയുടെ മതമായും മുസ്‌ലിം ഭീകരവാദിയായും പരാവര്‍ത്തനം ചെയ്യപ്പെടാന്‍ കാരണം. ഈ പൊതുബോധത്തെ മറയാക്കി ലോകവ്യാപകമായി ഇസ്‌ലാമും മുസ്‌ലിംകളും വേട്ടയാടപ്പെട്ടതിന്റെ ഭാഗമായി തന്നെയാണു നമ്മുടെ രാജ്യത്തും ഭീകരവാദസംഘങ്ങളുടെ പേരുപറഞ്ഞു മുസ്‌ലിം യുവതയെ പീഡിപ്പിക്കുന്നതും ജയിലിലടക്കുന്നതുമൊക്കെ.
ഐ.എസ്. എന്ന പൈശാചികസംഘത്തിന്റെ രംഗപ്രവേശത്തോടെ അതുവരെ ഉയര്‍ത്തിക്കാട്ടിയ പല തീവ്രവാദ ഗ്രൂപ്പുകളെ വിസ്മരിച്ചു മുസ്‌ലിംവേട്ട ഒരു കുടക്കീഴിലായി എന്നതാണ് അനുഭവം. ഇസ്‌ലാമെന്ന ശുദ്ധപ്രകൃതിയിലേക്കു മടങ്ങിവന്നവരെ വ്യാപകമായി പീഡിപ്പിക്കാനും പേടിപ്പിക്കാനുമുള്ള ഏറ്റവും നല്ല അവസരമയി ഉപയോഗിക്കുകയാണവര്‍. ഏകനായ ദൈവത്തിനു സമര്‍പ്പിതനാവുക അഥവാ മുസ്‌ലിമാവുക എന്നതിനെ 'മതം മാറിയവന്‍' എന്ന അര്‍ഥശൂന്യമായ വിശേഷണം കൊണ്ടു ചുരുക്കിക്കെട്ടുകയാണ് ഇതിന്റെ പരിണതി. ഇസ്‌ലാമിലേക്കുള്ള മടക്കത്തെ തീവ്രവാദഗ്രൂപ്പുകളിലേക്കുള്ള മാറ്റമായാണു തല്‍പ്പരകക്ഷികള്‍ വ്യാഖ്യാനിക്കുന്നതു പോലും.
അറബി നാമം സ്വീകരിക്കുകയെന്നതു മതംമാറുന്നതിന്റെ ആദ്യ പടിയാണെന്നു വരുത്തിത്തീര്‍ത്തു സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്നു അവര്‍. എന്നാല്‍, ഇസ്‌ലാം, മുസ്‌ലിം എന്ന അറബി വാക്കുകളോടു മതം, മതംമാറ്റം തുടങ്ങിയ പദങ്ങള്‍ ചേര്‍ത്തു പറയുന്നതിലെ ഗൂഢലക്ഷ്യം മുസ്‌ലിംകള്‍പോലും തിരിച്ചറിയുന്നില്ലെന്നാണു ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മുസ്‌ലിംപക്ഷത്തുനിന്നുള്ള പലരുടെയും വാദഗതികള്‍ കാണുമ്പോള്‍ മനസിലാവുന്നത്.
അവര്‍ പോലും മതം, മതംമാറ്റം തുടങ്ങിയ പദങ്ങള്‍ തെറ്റായ അര്‍ഥത്തില്‍ ഇസ്‌ലാമിനോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ ഇതു ശ്രോദ്ധാക്കളില്‍ ഇസ്‌ലാമിനെക്കുറിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നു മനസിലാക്കണം. എരിതീയില്‍ എണ്ണയൊഴിക്കുന്ന പണിയാണിതെന്നു പറയാതിരിക്കാന്‍ വയ്യ. ചുരുക്കത്തില്‍, ഇസ്‌ലാം, മുസ്‌ലിം എന്നീ അറബിപദങ്ങള്‍ക്ക് അന്ത്യവേദമായ ഖുര്‍ആന്‍ നല്‍കുന്ന അര്‍ഥമെന്താണെന്നും അതു വിഭാവനം ചെയ്യുന്ന ദീപ്തമായ ജീവിതസന്ദേശമെന്താണെന്നും എല്ലാവരും മനസിലാക്കുന്നതു സ്വന്തത്തോടും സമൂഹത്തോടും ചെയ്യുന്ന പുണ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."