സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാത്സംഗം ചെയ്യപ്പെട്ട സംഭവം അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിഷ്പക്ഷവും നീതിപൂര്‍വകവുമായ വിധത്തില്‍ ഒരുവിധ സ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചു. പ്രതിയെ കണ്ടെത്തുന്നതിലും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണസംഘവും കേസ് ഫലപ്രദമായി നടത്തുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ച കാര്യം വിധിന്യായത്തില്‍ കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കൃത്യമായും കുറ്റവാളികളെ കണ്ടെത്താന്‍ കേരളത്തിലെ പൊലിസിനു കഴിയും എന്നതിന്റെ സ്ഥിരീകരണമാണിത്. പ്രത്യേക പൊലിസ് ടീമിനെയും സ്‌പെഷല്‍ പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."