വോട്ട് ചെയ്ത ശേഷം മോദിയുടെ റോഡ് ഷോ: പരാതിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വോട്ട് ചെയ്ത ശേഷം മോദി നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് ദിവസം മോദി വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയത് ജനങ്ങളെ സ്വാധീനിക്കാനാണെന്ന ആരോപണം ഉന്നയിച്ചാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലെത്തി പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പു കമ്മിഷന്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും രണ്ടുതരത്തിലുള്ള മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലെ പാവയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനം പ്രധാനമന്ത്രിയുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ലജ്ജയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍കുമാര്‍ ജ്യോതി കോണ്‍ഗ്രസിനെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അചല്‍കുമാര്‍ ഗുജറാത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ ഒരു ടി.വി ചാനലിന് അഭിമുഖം നല്‍കിയത് വിവാദമാക്കി ബി.ജെ.പി നല്‍കിയ പരാതി സ്വീകരിച്ച് രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതേ നടപടി മോദിയുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ചോദിക്കുന്നു.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് മോദി ഗുജറാത്തില്‍ നാല് റാലികളിലാണ് പങ്കെടുത്തത്. ഇന്നലെ പോളിങ് നടന്നുകൊണ്ടിരിക്കെ മോദി നടത്തിയ റോഡ് ഷോ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വ്യക്തമാണ്. എന്നാല്‍ മോദിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറിയ സാഹചര്യത്തില്‍ ഇതിനെതിരേ പരാതി ഉന്നയിക്കുന്നവര്‍ക്ക് നീതി ലഭിക്കില്ലെന്ന കാര്യം തീര്‍ച്ചയാണെന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അശോക് ഗെലോട്ട് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."