ഐ.എന്‍.എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു
മുംബൈ:ഇന്ത്യന്‍ നാവിക സേനയുടെ ആദ്യത്തെ സ്‌കോര്‍പീന്‍ വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനി ഐ.എന്‍.എസ് കല്‍വരി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.
മുംബൈ മസഗോണ്‍ ഡോക്കിലാണ് അന്തര്‍വഹിനി കമ്മിഷന്‍ ചെയ്തത്. കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി. ഫ്രാന്‍സിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ വിഭാഗം അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണ് കല്‍വരി. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ് ആണ് അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നത്.നിലവില്‍ 15 അന്തര്‍വാഹിനികളാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍ വാഹിനിയുടെ രംഗപ്രവേശം. ചൈനക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്.
ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് 2005ലാണ്. 23,600 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.
61.7 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനിക്ക് മണിക്കൂറില്‍ 37 കി.മീറ്റര്‍(കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍) വേഗതയുണ്ട്. ജലോപരിതലത്തിലെ വേഗത 12 നോട്ടിക്കല്‍ മൈലാണ്. അതായത് മണിക്കൂറില്‍ 22 കി.മീറ്റര്‍ വേഗത. കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയും 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍ വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഇതിന് 40 ദിവസം കടലിനടിയില്‍ കഴിയാന്‍ സാധിക്കും. കുറഞ്ഞ ശബ്ദത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനാവുന്നതും ശത്രുനിരീക്ഷണത്തെ കബളിപ്പിക്കാനും കഴിയുന്നതാണ് ഐ.എന്‍.എസ് കല്‍വരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."