മജീഷ്യന്‍ മുതുകാട് ബഹ്‌റൈനില്‍ 'എം ക്യൂബ്' സൗജന്യ മോട്ടിവേഷന്‍ പ്രോഗ്രാം വെള്ളിയാഴ്ച
മനാമ: പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന 'എംക്യൂബ്' സൗജന്യ മോട്ടിവേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കാനാണ് അദ്ധേഹം പ്രധാനമായും ബഹ്‌റൈനിലെത്തിയതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) എന്ന സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥമാണ് നാട്ടിലും വിദേശ ചാപ്റ്ററുകളിലും ഇത്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പി്കകുന്നത്.
ഇന്നത്തെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുടുംബ സമേതം ബോധവത്കരിക്കുക എന്നതാണ് മോള്‍ഡിങ് മൈന്‍ഡ്‌സ് മാജിക്കല്‍ എന്ന 'എം ക്യൂബ്' കൊണ്ടു ഉദ്ധേശിക്കുന്നതെന്ന് പ്രഫ. ഗോപിനാഥ് മുതുകാട് വിശദീകരിച്ചു.
സൈബര്‍ ലോകത്തോടുള്ള പുതിയ തലമുറയുടെ ആഭിമുഖ്യം വ്യക്തിജീവിതത്തിലും കുടുംബ ബന്ധങ്ങളിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നതാണ് ഇന്നത്തെ അനുഭവമെന്നും ഇതേ കുറിച്ച് എല്ലാവരും ബോധവാന്മാരാവണമെന്നും അദ്ധേഹം പറഞ്ഞു.
ജീവിതത്തില്‍ ഒരു മൂല്ല്യത്തിനും വില കല്‍പ്പിക്കേണ്ടതില്ലെന്ന പുതിയ ബോധമാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. ബന്ധങ്ങളുടെ ഊഷ്മളത ചോര്‍ന്നു പോകുന്നു.
ഈ സാഹചര്യത്തില്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആത്മാര്‍ഥമായാണു താന്‍ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു തന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാഡമി പ്രധാന പങ്കു വഹിക്കുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി ജനിക്കുന്നതോടെ അതു കുടുംബത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത്തരത്തില്‍ ജനിക്കുന്നവരുടെ പരിശീലനത്തിനും പുനരധിവാസത്തിനും അന്താരാഷ്ട്ര തലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വച്ച ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെ അനുഭവം അദ്ദേഹം വിശദമാക്കി. കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന നെസ്റ്റ് ഈയിടെ സന്ദര്‍ശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകീട്ട് 7 മുതലാണു മാജിക്കിനെ സംയോജിപ്പിച്ചുള്ള മോട്ടിവേഷന്‍ ക്ലാസ്സ് കേരളീയ സമാജത്തില്‍ നടക്കുക. തികച്ചും സൗജന്യമായ 'എം ക്യൂബ്' പരിപാടിയിലേക്ക് തല്‍പരരായ മുഴുവന്‍ ബഹ്‌റൈന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 00973 33750999 , 39853118 , 39678075 , 33049498.
വാര്‍ത്താ സമ്മേളനത്തില്‍ നെസ്റ്റ് കൊയിലാണ്ടി ചെയര്‍മാന്‍ അബ്ദുല്ല കരുവാഞ്ചേരി, ജന. സെക്രട്ടറി സി കെ യൂനുസ്, നിയാര്‍ക്ക് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍, നിയാര്‍ക്ക് ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ ടി സലിം, ട്രഷറര്‍ അസീല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."