നെറ്റ് ന്യൂട്രാലിറ്റിയിലൂടെ ചുങ്കപ്പിരിവ് അവസാനിക്കുമോ
ഇന്റര്‍നെറ്റ് സേവനം സ്വതന്ത്രവും തുല്യവുമാകണമെന്ന കാഴ്ചപ്പാടോടെ ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ണായക ശുപാര്‍ശകള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനാഭിപ്രായം തേടുകയും ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷമാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വിവേചനം കാട്ടരുതെന്ന് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനമോ തടസ്സമോ ഇടപെടലോ സേവനദാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കൂടാതെ ചില ഉള്ളടക്കങ്ങള്‍ തടയുക, തരം താഴ്ത്തുക, ചില സേവനങ്ങള്‍ക്ക് വേഗം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക തുടങ്ങിയവ ഉണ്ടാകരുതെന്നും ട്രായ് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്.
2015 മാര്‍ച്ചില്‍ 'ഓവര്‍ ദി ടോപ്' സര്‍വീസുകള്‍ക്കായുള്ള നിയന്ത്രണ ചട്ടക്കൂട് എന്ന വിഷയത്തില്‍ ട്രായ് പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴാണ് 'നെറ്റ് ന്യൂട്രാലിറ്റി'യെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടു പിടിക്കാന്‍ തുടങ്ങിയത്.
ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കങ്ങളും സൈറ്റുകളിലും ഒരു നിയന്ത്രണവും കൂടാതെ തുല്യമായ രീതിയില്‍ ലഭ്യമാക്കണമെന്നതാണ് നെറ്റ് ന്യൂട്രാലിറ്റി കൊണ്ട് അര്‍ഥമാക്കുന്നത്. നിങ്ങള്‍ക്കാവശ്യമുള്ള വാര്‍ത്തകള്‍, പാട്ടുകള്‍, സിനിമ, പ്രോജക്ടിനുവേണ്ട വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന് ഒരേനിരക്കില്‍, ഒരേ വേഗത്തില്‍ ഒരേ പോലെ നല്‍കണം.
ഉപഭോക്താവിന്റെ ആ സ്വാതന്ത്രത്തിനുമേലുള്ള നിയന്ത്രണമാണ് സേവനദാതാക്കള്‍ ലക്ഷ്യമിട്ടിരുന്നത്. നാമോരോരുത്തരും വീടുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. പൊതുവായി ഒരു ബില്ലും അടയ്ക്കുന്നു. അതിനുപകരം ടിവി ഉപയോഗിച്ചതിന്, വാഷിങ് മെഷീന്‍ ഉപയോഗിച്ചതിന് തുടങ്ങി വീട്ടിലെ ഓരോ വൈദ്യുതഉപകരണത്തിനും പ്രത്യേകം ബില്ലുകള്‍ വന്നാലോ. ഇത്തരം പുതിയ രീതിയാണ് സേവനദാതാക്കള്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്ന് ഈടാക്കിക്കൊണ്ടിരുന്നത്.
നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിങ്ങള്‍ എത്ര വേഗത്തില്‍ നെറ്റ് ഉപയോഗിക്കണമെന്നത് തീരുമാനിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വിപണിയില്‍ പല സ്പീഡുകളില്‍ പ്ലാനുകള്‍ ലഭ്യമാകുന്നത്. നിങ്ങള്‍ ഏതൊക്കെ വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നും. എത്ര ഉപയോഗിക്കണമെന്നും. ജി.ബി ക്ലിപ്തമായ പ്ലാനുകള്‍ ഉള്ളത് ഇതുകൊണ്ടാണ്. അണ്‍ലിമിറ്റഡ് എന്ന പേരില്‍ പ്ലാന്‍ ഉണ്ടാക്കി, ഒരു നിശ്ചിത ജിബി കഴിയുമ്പോള്‍ സ്പീഡ് കുറയ്ക്കുന്ന ഫെയര്‍യൂസേജ് പോളിസി എല്ലാ സേവനദാതാക്കളും ഉണ്ടാക്കുന്നതാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സൗജന്യ കോളുകളും മെസേജുകളും തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നു എന്ന പരാതിയുമായി സേവനദാതാക്കളായ കമ്പനികള്‍ ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയെ (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - ട്രായ് ) സമീപിച്ചിരുന്നു.
വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ മുതലായവ ഉപഭോക്താക്കള്‍ സൗജന്യമായി കോളുകളും മെസേജുകളും ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ്. ഇത്തരം സേവനങ്ങള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചത്. ഉപഭോക്താക്കളുടെ കടുത്ത പ്രതിഷേധത്താല്‍ അതില്‍ നടപടിയെന്നും ഉണ്ടായില്ല.
2014 ഡിസംബറില്‍ എയര്‍ടെല്ലാണ് ആദ്യമായി ഇത്തരം ഒരാവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് അവര്‍ 'എയര്‍ടെല്‍ സീറോ' എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. പദ്ധതിയില്‍ ചില നിശ്ചിത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുമാണുള്ളത്. അവ ഉപയോഗിക്കാന്‍ ഉപഭോക്താവ് പണമെന്നും നല്‍കേണ്ട. ഡാറ്റാ ചാര്‍ജ് ഉപയോഗിക്കാതെ തന്നെ ഈ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇത്തരത്തില്‍ പ്ലാനില്‍ ഉള്‍പ്പെടാന്‍ വെബ്‌സൈറ്റ് ഉടമസ്ഥര്‍ വളരെ വലിയ തുക എയര്‍ടെല്ലിന് നല്‍കേണ്ടി വരും. ഈ അവസ്ഥയില്‍ സേവനദാതാക്കള്‍ക്ക് തങ്ങളുടെ വരുമാനം കൂട്ടാന്‍ പല സൂത്രപ്പണികളും ചെയ്യാം. ഉദാഹരണത്തിന് വാട്‌സ്ആപ്പിന് ഒരു അഡീഷനല്‍ നെറ്റ്പാക്ക് അല്ലെങ്കില്‍ ഗൂഗിള്‍ സെര്‍ച്ചിങ് ഉപയോഗിക്കാന്‍ ഒരു അഡീഷനല്‍ നെറ്റ് പാക്ക് എന്ന രീതിയില്‍ സേവനദാതാവിന് ഇവിടെ വാട്‌സ്ആപിനെയോ അല്ലെങ്കില്‍ ഗൂഗിളിനെയോ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും.
നിങ്ങളുടെ സേവനം ഞങ്ങളുടെ ഉപഭോക്താക്കളില്‍ എത്തിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു നിശ്ചിത തുക നല്‍കുക. ഇല്ലെങ്കില്‍ നിങ്ങളുടെ സേവനത്തിന്റെ വേഗത കുറയും. സേവനദാതാവ് മൈക്രോസോഫ്റ്റുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയും അവരുടെ നെറ്റ് സേവനത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാം ബിംഗ് സെര്‍ച്ചിങ് അടിച്ചേല്‍പ്പിക്കാന്‍, സേവനദാതാവ് വിചാരിക്കുന്ന സേവനത്തെ കൂടുതല്‍ സ്വീകാര്യതയിലേക്ക് നയിക്കാന്‍ ഇതുകൊണ്ട് സാധിക്കും.
എയര്‍ടെല്‍ വക മെസഞ്ചറായ ഹൈക്കിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ അതിന്റെ പ്രധാന എതിരാളിയായ വാട്‌സ് ആപ്പ് ഉപയോഗത്തിന് അധികചാര്‍ജ് ഏര്‍പ്പെടുത്തുക, ഹൈക് സൗജന്യമായി കൊടുക്കുക, ഉപയോക്താക്കള്‍ വാട്‌സ് ആപ്പില്‍ നിന്ന് ഹൈക്കിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യും. ഇത്തരം പദ്ധതികള്‍ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെയാണ് ബാധിക്കുന്നത്.
ഗൂഗിളിന്റെ അരങ്ങേറ്റകാലത്ത് നെറ്റ് ന്യൂട്രാലിറ്റി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, അന്നത്തെ സെര്‍ച്ച് എന്‍ജിന്‍ താരങ്ങളായിരുന്ന അള്‍ട്ടാവിസ്ത, യാഹു, എം.എസ്.എന്‍ എന്നിവ ഇപ്പോഴും വിപണിയില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു. ട്രായിയുടെ നിലപാടുകളാണ് ഇതില്‍ ഏറ്റവും വിവാദപരമായിരുന്നത്, ഓവര്‍ ദ ടോപ്പ് സര്‍വീസിങ്' എന്ന ഒ.ടി.ടി (വാട്‌സ് ആപ്പ്) പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസുകള്‍)കള്‍ക്ക് ചാര്‍ജ് ഈടാക്കണമെന്ന കമ്പനികളുടെ ആവശ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രായി അംഗീകരിച്ചതാണ് ഇതിന് ഇടയാക്കിയത്.
ടെലികോം കമ്പനികളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെ സാമാന്യം നല്ല സാമ്പത്തിക കരുത്തുള്ള പ്രബലര്‍ക്ക് മാത്രം ജയിച്ചുകയറാവുന്ന ഇടമായി ഇന്റര്‍നെറ്റ് അധിഷ്ഠിത വിപണി മാറും. അപ്പോള്‍ നമുക്കിടയില്‍ നിന്ന് സമീപഭാവികാലത്ത് പുതിയ ഗൂഗിളും ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമൊന്നും പിറന്നു വീഴില്ല.
അപ്പോള്‍ ഈ നെറ്റ് ന്യൂട്രാലിറ്റി ഇല്ലായ്മയുടെ സാഹചര്യം ആര്‍ക്കാണ് ഉപകാരപ്പെടുന്നത് എന്നത് പകല്‍പോലെ വ്യക്തവുമാണ്. അതിന് കേന്ദ്രസര്‍ക്കാരും ട്രായിയും കൂട്ടുനില്‍ക്കുകയണെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ആരോപണവും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു, അതിന്റെ ഭാഗമായി സേവ് ഇന്റര്‍നെറ്റ് ,സേവ് നെറ്റ് ന്യൂട്രാലിറ്റി തുടങ്ങിയ കൂട്ടായ്മകള്‍ സോഷ്യല്‍മീഡിയകളില്‍ സജീവമായി.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ ടെലികോം കമ്പനികള്‍ ഉപയോക്താക്കളുടെ നെറ്റ് ഉപയോഗത്തിനു മുകളില്‍ തങ്ങളുടെ സ്വാധീനം ഇനിയും വര്‍ധിപ്പിക്കുകയും അതുവഴി ലാഭം ഉണ്ടാക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലാണ് ട്രായ് പുതിയ ശുപാര്‍ശയുമായി രംഗത്ത് വന്നത്.
സേവനം ലഭ്യമാക്കുന്നതില്‍ വിവേചനമോ അതിനുള്ള പ്രോട്ടോക്കോളോ ഉപകരണങ്ങളോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയന്ത്രണങ്ങള്‍ സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തുക. സേവനങ്ങളില്‍ വിവേചനം കാട്ടുന്ന കരാറില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് സേവനദാതാക്കളെ വിലക്കുക. വിവിധ ഉള്ളടക്കം, ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് വഴി കൈമാറാവുന്ന മറ്റ് വിവരങ്ങള്‍ എല്ലാം സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ചില പ്രത്യേക സേവനങ്ങള്‍ക്കോ ചില സാഹചര്യങ്ങളിലോ ആവശ്യമായിവരുന്ന നിയന്ത്രണങ്ങള്‍ക്ക് സേവനദാതാക്കള്‍ക്ക് തടസ്സമുണ്ടാവില്ല.
അടിയന്തര സാഹചര്യങ്ങള്‍ സര്‍ക്കാരോ കോടതിയോ രാജ്യാന്തര കരാറുകളോമൂലം നിര്‍ദേശിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ക്കും തടസ്സമില്ല. വിവേചനരഹിതമായ സേവനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ വ്യവസ്ഥ രൂപീകരിക്കാമെന്നും ട്രായ് ശുപാര്‍ശയില്‍ മുന്നോട്ട്‌വയ്ക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ പ്രതിഷേധത്തിനും സേവനാദാതാക്കളുടെ സമ്മര്‍ദത്തിനും ഒടുവിലാണ് ഇത്തരം ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിയന്ത്രണം നേടാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ ട്രായ് ഇടപെട്ടിരിക്കുന്നത്. തുടര്‍ന്ന് ടെലികോം കമ്പനികള്‍ ഡാറ്റ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് 2016 ഫെബ്രുവരിയില്‍ ട്രായ് വിലക്കി.
ഫേസ്ബുക്ക്, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ അത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. 2017 ജനുവരിയില്‍ വിഷയത്തില്‍ ട്രായ് പൊതുജനങ്ങളില്‍നിന്നടക്കം പ്രതികരണം തേടി.
തുടര്‍ന്ന് മുംബൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ വിശദമായ ചര്‍ച്ച സംഘടിപ്പിച്ചു. ദീര്‍ഘവും വിശദവുമായ വിശകലനങ്ങള്‍ക്കുശേഷമാണ് ട്രായ് ശുപാര്‍ശകള്‍ പ്രസിദ്ധീകരിച്ചത്.
പല വിദേശ രാജ്യങ്ങളിലും ഇതേ വിഷയം ചര്‍ച്ച ചെയ്ത് ഒടുവില്‍ നെറ്റ് ന്യൂട്രാലിറ്റി വേണം എന്ന നിലപാടില്‍ ഗവണ്‍മെന്റുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും ഇന്റര്‍നെറ്റിലെ ജനാധിപത്യത്തിന് ശബ്ദമുണ്ട്.പ്രതിഫലിക്കുകയാണ് ഇവിടെ നെറ്റ് ന്യൂട്രാലിറ്റിയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."