ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷ സഖ്യം അധികാരത്തിലേക്ക്
വിയന്ന: ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷവുമായി ചേര്‍ന്നുള്ള സര്‍ക്കാരിന് പ്രസിഡന്റിന്റെ അംഗീകാരം. കഴിഞ്ഞ ഒക്ടോബര്‍ 15നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയാണ് തീവ്ര വലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയുമായി ചേര്‍ന്നു കൂട്ടുകക്ഷി സര്‍ക്കാരിനു രൂപം നല്‍കിയത്.
ഇതോടെ തീവ്ര വലതുപക്ഷ കക്ഷി ഭരിക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാകും ഓസ്ട്രിയ.പീപ്പിള്‍സ് പാര്‍ട്ടിയുടെ 31കാരനായ സെബാസ്റ്റ്യന്‍ കഴ്‌സ് അധികാരത്തിലേറിയാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാവാകും അദ്ദേഹം.
പുതിയ സര്‍ക്കാരിനെ കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാലും പ്രധാന മന്ത്രിസ്ഥാനങ്ങള്‍ ഫ്രീഡം പാര്‍ട്ടിക്കു ലഭിക്കുമെന്നാണ് അറിയുന്നത്.
ഫ്രീഡം പാര്‍ട്ടി നേതാവ് അലെക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ ആണ് ശനിയാഴ്ച കൂട്ടുകക്ഷി സര്‍ക്കാരിനു പച്ചക്കൊടി വീശിയത്.
കടുത്ത കുടിയേറ്റ-യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ നയനിലപാടുകളുള്ള പാര്‍ട്ടിയാണ് ഫ്രീഡം പാര്‍ട്ടി. ഇതാദ്യമായല്ല പീപ്പിള്‍സ് പാര്‍ട്ടിയും ഫ്രീഡം പാര്‍ട്ടിയും ചേര്‍ന്ന് ഓസ്ട്രിയയില്‍ ഭരണം നടത്തുന്നത്.
നേരത്തെ 2000 മുതല്‍ 2005 വരെ ഇരുകക്ഷികളും ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാറായിരുന്നു രാജ്യം ഭരിച്ചത്. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം ഒന്നര മാസത്തോളം നീണ്ടത്. യൂറോപ്പിലെ കുടിയേറ്റ-അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയായിരുന്നു ഫ്രീഡം പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.
യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ വഴികള്‍ അടയ്ക്കുമെന്നും അഭയാര്‍ഥികള്‍ക്കുള്ള സഹായധനം നിര്‍ത്തലാക്കുമെന്നും സെബാസ്റ്റ്യന്‍ കഴ്‌സും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ അനുകൂല നിലപാടായിരുന്നു കഴ്‌സിനും അദ്ദേഹത്തിന്റെ പീപ്പിള്‍സ് പാര്‍ട്ടിക്കുമുണ്ടായിരുന്നത്. ഇത് സര്‍ക്കാരില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി കാണാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."